കോണ്ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന് ശ്രമിച്ചെന്ന ആരോപണത്തില് ബിജെപി നേതാക്കള്ക്കെതിരെ കേസ്. പാലക്കാട് ടൗണ് നോര്ത്ത് പോലീസാണ് കേസെടുത്തത്.
50-ാം വാര്ഡ് കോണ്ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന് ശ്രമിച്ചതായി പരാതി ഉയര്ന്നത്. നാമനിര്ദേശ പത്രിക പിന്വലിക്കാന് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ബിജെപിയുടെ നിലവിലെ കൗണ്സിലര് ജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരെയും കേസില് പ്രതിയാക്കിയിട്ടുണ്ട്.
രമേശ് വീട്ടിലില്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള് വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പില് സ്വാധീനം ചെലുത്തല്, വീട്ടില് അതിക്രമിച്ചു കയറല് തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
രമേശിന്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പോലീസ് കേസെടുത്തത്. എന്നാല് രമേശ് ആരോപണം ഉന്നയിച്ച 46-ാം വാര്ഡ് ബിജെപി സ്ഥാനാര്ത്ഥി എം. സുനിലിന്റെ പേര് എഫ്ഐആറില് ഇല്ല.
