എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍

എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്.

പുതുപ്പളളി മണ്ഡലത്തിലെ 61, 67, 92 നമ്ബർ ബൂത്തുകളില്‍ എസ്‌ഐആർ ഫോം വിതരണം പൂർത്തിയായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാല്‍ ഇതുവരെയും ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടെന്നും ഇവരുടെ പേരുകള്‍ കൈമാറാൻ തയാറാണെന്നും ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആർ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി നല്‍കിയ ഹർജിയിലാണ് അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേന ചാണ്ടി ഉമ്മൻ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.

നിലവില്‍ നടക്കുന്ന എസ്‌ഐആർ നടപടി എംഎല്‍എ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്നതാണെന്നും ചാണ്ടി ഉമ്മൻ കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ നോയിഡയില്‍ എസ്‌ഐആർ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്ബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രത്യേക ക്യാമ്ബുകള്‍ സജ്ജീകരിച്ചിട്ടില്ലന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികള്‍ ബുധനാഴ്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *