ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നുവീണു ; അമ്മക്കും മകള്‍ക്കും പരിക്ക്

ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണ് രോഗിക്കും മാതാവിനും പരിക്കേറ്റു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് ഹരിത (29), മകള്‍ ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ഡെന്‍റല്‍ കോളജിലെ എക്സ്-റേ വിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. അഥിതിയുടെ പല്ലുകള്‍ പരിശോധിച്ച ശേഷം ഇരുവരും എക്സ്-റേ എടുക്കാന്‍ കാത്തുനില്‍ക്കുമ്ബോള്‍ ജിപ്സം ബോര്‍ഡ് കൊണ്ട് നിര്‍മിച്ച സീലിങ്ങിന്‍റെ ഒരുഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. രണ്ട് അടി നീളവും വീതിയുമുള്ള ജിപ്സം ബോര്‍ഡ് എട്ടടിയോളം ഉയരത്തില്‍നിന്ന് പൊളിഞ്ഞ് ഹരിതയുടെ തലയിലും അഥിതിയുടെ കാലിലും വീഴുകയായിരുന്നു. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മുറിവുകള്‍ ഏറ്റില്ലെങ്കിലും തലക്ക് ക്ഷതമേറ്റിട്ടുണ്ട്. അഥിതിയുടെ കാലിന് പരിക്കുണ്ട്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ താഴത്തെ നിലയിലാണ് എക്സ്-റേ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സിലിന്‍റെ പരിശോധനയില്‍ കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കെട്ടിടം ഉപയോഗിക്കാതെ കാടുകയറിക്കിടക്കുകയായിരുന്നു. കോളജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെയാണ് മുകളിലേക്ക് വീണ്ടും നിലകള്‍ പണിത് കെട്ടിടത്തിന്‍റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്. അടുത്തിടെയാണ് കോളജിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ താഴത്തെ നിലയിലെ സീലിങ്ങുകളും മറ്റും അറ്റകുറ്റപ്പണി നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *