ബീഹാറില്‍ എന്തുകൊണ്ട് തോറ്റു? ഖാര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം

ബീഹാറിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ യോഗം. രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബീഹാറിന്റെ ചുമതലയുണ്ടായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ അജയ് മാക്കനും യോഗത്തിനെത്തിയിട്ടുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് കമ്മിഷനെയും ബി ജെ പിയെയും ലക്ഷ്യമിട്ട് നടത്തിയ വോട്ടുക്കൊള്ള ആരോപണം തെല്ലും ഏശിയില്ല. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ‘വോട്ടർ അധികാർ യാത്ര’ കടന്നുപോയ 23 ജില്ലകളില്‍ ദയനീയ പ്രകടനമായിരുന്നു. മത്സരിച്ച 61 സീറ്റില്‍ 6 ഇടത്തു മാത്രമാണ് വിജയിക്കാനായത്. 2020ലെ 19 സീറ്റില്‍ നിന്നാണ് കൂപ്പുകുത്തല്‍.

പ്രചാരണം മുന്നില്‍നിന്ന് നയിക്കാനും, ഏകോപിപ്പിക്കാനും മുൻനിര നേതാക്കള്‍ വിമുഖത കാണിച്ചത് തിരിച്ചടിയായെന്ന് പാർട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പുണ്ട്. 16 ദിവസത്തെ വോട്ടർ അധികാർ യാത്രയില്‍ വൻ ജനപങ്കാളിത്തമായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല. യാത്ര സെപ്‌തംബർ ഒന്നിന് പാട്നയില്‍ സമാപിച്ചശേഷം രാഹുല്‍ വിദേശയാത്രപോയി. പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് സജീവമായത്. യാത്രയുണ്ടാക്കിയ അലയൊലികള്‍ ഇതിനിടെ കെട്ടടങ്ങിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളൊന്നും സുതാര്യമായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്നലെത്തന്നെ പ്രതികരിച്ചിരുന്നു. ബീഹാറില്‍ 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ സ്വന്തമാക്കിയാണ് എൻഡിഎ തുടർഭരണം ഉറപ്പാക്കിയത്. 89 സീറ്റു നേടിയ ബി ജെ പി ഏറ്റവും വലിയ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ ഡി യുവിന് 85 സീറ്റ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *