ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി പൊന്നോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം .

ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി പ്രതിഷേധിച്ചു.

ഭണ്ഡാരത്തില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ച പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ മാസവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ക്ഷേത്രം ഊരാളന്‍, അഡ്മിനിസ്ട്രേറ്റര്‍, ഭക്തജനപ്രതിനിധി എന്നിവരുടെ നിരീക്ഷണത്തില്‍ ഭണ്ഡാരം എണ്ണുകയും വരവുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുസാധനങ്ങള്‍ക്കെല്ലാം രശീതി നല്‍കുന്നുണ്ട്. വെള്ളി, സ്വര്‍ണ ഉരുപ്പടികള്‍ ശുദ്ധീകരിക്കുന്നത് അതിസുരക്ഷാ നടപടി ക്രമങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ മിന്റിലാണ്. വളരെ സുതാര്യമായ നടപടികളെ വസ്തുതകളറിയാതെ ബോധപൂര്‍വം വിമര്‍ശിക്കുകയാണ്.

ക്ഷേത്രത്തില്‍ കിലോക്കണക്കിന് കുങ്കുമപ്പൂവ് ലഭിക്കുന്നുവെന്ന പ്രചാരണവും ശരിയല്ല. കളഭം തയ്യാറാക്കുന്നതിനായി കശ്മീരില്‍നിന്നുള്ള കുങ്കുമപ്പൂവ് ടെന്‍ഡര്‍ പ്രകാരമാണ് വാങ്ങുന്നത്. അതിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയവുമാണ്. രണ്ടായിരം കിലോ തൂക്കമുള്ള ഉരുളി കാണാനില്ലെന്ന വാര്‍ത്തകളും ദേവസ്വം നിഷേധിച്ചു.

2019-ല്‍ ആനക്കൊമ്ബ് മുറിച്ചത് സ്റ്റോക്കില്ലെന്ന വാര്‍ത്തകളും അപഹാസ്യമാണ്. ചെരിയുന്ന ആനകളുടെ കൊമ്ബുകള്‍ മുറിച്ച്‌ വനംവകുപ്പാണ് കൊണ്ടുപോകാറ്. 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം ദേവസ്വം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ സൂക്ഷിപ്പില്‍ സുതാര്യതയില്ലെന്നായിരുന്നു 2019-20-ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. ദൈനംദിനം ദേവസ്വംഫണ്ടുകള്‍ കൈകാര്യംചെയ്യുന്നതിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതായും ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *