‘ശബരിമലയിലെ സ്വര്‍ണം 100 കോടിക്ക് വരെ വാങ്ങാൻ ആളുണ്ട്, സിനിമാ മേഖലയിലേക്കടക്കം പോയിട്ടുണ്ട്, പിന്നില്‍ വമ്ബൻ സ്രാവുകള്‍’

 ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയത്തില്‍ പ്രതികരണവുമായി ശില്‍പ്പി മഹേഷ് പണിക്കർ. ദ്വാരപാലക ശില്‍പ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലാണെന്നും അതിനാല്‍ വലിയ തുകയ്‌ക്കായിരിക്കും വില്‍പ്പന നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പായിരിക്കണം നടന്നിട്ടുണ്ടാവുക. ഇതിന് പിന്നില്‍ വമ്ബൻ സ്രാവുകളാണ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ നടന്നത് വലിയ കൊള്ളയാണെന്ന് വ്യക്തമായി. ശബരിമലയിലെ ദൈവിക ചൈതന്യത്തിനാണ് വില. സ്വർണപ്പാളി ഉള്‍പ്പെടെ വിറ്റിരിക്കാനാണ് സാദ്ധ്യത. സ്വർണം ഉരുക്കി നല്‍കുന്നതിനേക്കാള്‍ പാളി ഉള്‍പ്പെടെ നല്‍കുമ്ബോഴാണ് മൂല്യം കൂടുന്നത്. ഉരുക്കി വിറ്റാല്‍ സ്വർണത്തിന്റെ വില മാത്രമേ കിട്ടുകയുള്ളു. എന്നാല്‍, പാളി അതേപോലെ വിറ്റാല്‍ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമുള്ള തുകയായിരിക്കും ലഭിക്കുക.

ഉണ്ണികൃഷ്‌ണൻ പോറ്റി ഇതിലെ ചെറിയൊരു കണ്ണി മാത്രമാണ്. സിനിമ മേഖലയിലേക്കുള്‍പ്പെടെ സ്വർണം പോയിട്ടുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. ശബരിമലയില്‍ പൊതിഞ്ഞ സ്വർണം അതുപോലെ തന്നെയാണ് വിറ്റതെങ്കില്‍ 100 കോടി വരെ നല്‍കി അത് വാങ്ങാൻ ആളുകളുണ്ട്. സിനിമ നിർമാണ കമ്ബനികളടക്കം ആവശ്യക്കാരായെത്തും. ഒറിജിനല്‍ വിറ്റിട്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി തിരിച്ച്‌ വച്ചാല്‍ മതിയല്ലോ. പൗരാണിക പാരമ്ബര്യമുള്ള വളരെ പഴക്കംചെന്ന ക്ഷേത്രമാണ് ശബരിമല. അതിനാല്‍, അവിടുത്തെ ശില്‍പ്പഭാഗങ്ങള്‍ സൂക്ഷിച്ചാല്‍ ശനിദോഷം ഉള്‍പ്പെടെയുള്ളവ മാറുമെന്ന് വിശ്വസിപ്പിച്ചാകും തട്ടിപ്പ് നടത്തിയിട്ടുണ്ടാവുക’ – മഹേഷ് പണിക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *