‘കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്താണ് ശീലം’ ; സ്വര്‍ണപ്പാളി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

ശബരിമല ദ്വാരപാലകശില്‍പ്പത്തിലെ സ്വർണപ്പാളി തിരിമറിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

‘വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരുകുറ്റവാളികളെയും സംരക്ഷിക്കാൻ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല.

അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്’, മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *