സമ്ബന്നരായ ഭക്തരില്‍ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നു ; വിമര്‍ശനവുമായി വെള്ളാപ്പള്ളി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സമ്ബന്നരായ ഭക്തരില്‍ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

എസ്‌എന്‍ഡിപി മുഖപത്രമായ യോഗനാദം മാസികയുടെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സ്വയംഭരണാവകാശമുള്ള ദേവസ്വം ബോര്‍ഡുകളില്‍ സ്വയംഭരണം പേരിന് മാത്രമാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ അനുമതി വാങ്ങി കോടികളുടെ തട്ടിപ്പുകളാണ് നടത്തുന്നത്. മതേതര രാഷ്ട്രത്തില്‍ ക്ഷേത്രഭരണത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ട കാര്യമില്ല. ദേവസ്വം ഭരണത്തില്‍ നല്ല കാര്യങ്ങളേക്കാള്‍ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്നും അതിന്റെ പഴി സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതായും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കില്ല, ഓഡിറ്റിംഗില്ല. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും അമൂല്യരത്നങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ല. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം ദേവസ്വത്തിന് കിട്ടിയാലായെന്നും വെള്ളാപ്പള്ളി പറയുന്നു. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്വര്‍ണം പൂശല്‍ ജോലികള്‍ സന്നിധാനത്ത് വെച്ച്‌ തന്നെ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ദേവസ്വം കേസുകള്‍ ഒന്നും കോടതികളില്‍ കൃത്യമായി നടക്കുന്നില്ല. ഒത്തുകളിയിലൂടെ കേസുകള്‍ തോല്‍ക്കുന്നതാണ് പതിവ്. കോടികളുടെ ഭൂമിതട്ടിപ്പാണ് എല്ലാ ദേവസ്വങ്ങളിലും നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പേരില്‍ വിദേശത്ത് നടക്കുന്നത് കോടികളുടെ വ്യാജപിരിവുകളാണ്. കള്ളന്മാരായ ഉദ്യോഗസ്ഥരാണ് ഇതിന്റെയെല്ലാം ആണിക്കല്ലുകള്‍. സത്യസന്ധര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണ്. ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സര്‍ക്കാരുകള്‍ സഹിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *