പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കളില്‍ ആരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല ; ജി സുധാകരന്‍

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍.

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കളില്‍ ആരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു സുധാകരന്‍ വിമര്‍ശിച്ചത്. പൊതുജനത്തിനും ഇതേ കാഴ്ചപ്പാട് തന്നെയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്റെ വിമര്‍ശനം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരന്‍ രംഗത്തുവന്നു. താന്‍ മന്ത്രിയായി അധികാരമേറ്റെടുക്കുന്ന സമയത്ത് വകുപ്പില്‍ അഴിമതി സര്‍വവ്യാപിയായിരുന്നു. താന്‍ കര്‍ശനമായ നിലപാടെടുത്തു. തനിക്ക് മുന്‍പേയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജയിലിലായതും തന്റെ കാലത്തായിരുന്നു. അഴിമതി അവസാനിച്ചു, ജനങ്ങള്‍ വകുപ്പിനെക്കുറിച്ച്‌ നല്ലത് പറയാന്‍ ആരംഭിച്ചു. എന്നാല്‍ 2021 മുതല്‍ അഴിമതിക്കെതിരെ കര്‍ശന നടപടി എടുക്കുന്നതായി കാണുന്നില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. റിയാസിന്റെ പേരെടുത്തുപറയാതെയായിരുന്നു സുധാകരന്റെ വിമര്‍ശനം.

പാര്‍ട്ടിയിലെ പ്രായപരിധിക്കെതിരെയും സുധാകരന്‍ രംഗത്തുവന്നു. ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇങ്ങനെയൊരു പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനൊരു പ്രായപരിധി എന്ന് തനിക്ക് അറിയില്ല. പാര്‍ട്ടിക്ക് ഒരുപാട് ചെറുപ്പക്കാരായ നേതാക്കളുണ്ട് എന്നും കമ്മ്യൂണിസ്റ്റുകളുടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നത് ഒട്ടും ശരിയല്ല എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഭരണഘടനയില്‍ പോലും ഇല്ലാത്ത കാര്യമാണ് പ്രായപരിധി എന്നും എന്ന് വേണമെങ്കില്‍ അതെടുത്തുമാറ്റാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *