സീതയുടെ മരണം: സംഭവസ്ഥലത്ത് കാട്ടാനസാന്നിധ്യം സ്ഥിരീകരിച്ച്‌ പോലീസ്, പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് ഭര്‍ത്താവ്

വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച്‌ പോലീസ്.

പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) കൊല്ലപ്പെട്ട മീന്‍മുട്ടി വനമേഖലയില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സീതയും ഭര്‍ത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാമഗ്രികളും ഇവിടെ ചിതറിക്കിടപ്പുണ്ട്.

സംഭവം നടന്നുവെന്ന് പറയുന്ന പ്രദേശത്ത് കാട്ടാന ആക്രമണത്തിന്റെ ലക്ഷണം ഒന്നുമില്ലെന്നാണ് വനംവകുപ്പ് കഴിഞ്ഞദിവസം പറഞ്ഞത്. സംഭവം നടന്നത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. പോലീസും ഫൊറന്‍സിക്കും പരിശോധന നടത്തിയത് ഞായറാഴ്ച രാവിലെയും. അതിനാല്‍ എപ്പോഴാണ് ഇവിടെ കാട്ടാന എത്തിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ സീതയെ കാട്ടാന ആക്രമിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനു മൊഴി നല്‍കിയത്. എന്നാല്‍, മൃതദേഹത്തിലെ മുറിവുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതല്ലെന്നും കഴുത്തിലും മറ്റും വിരല്‍ അമര്‍ന്ന പാടുകളുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി. തുടര്‍ന്നാണ് പോലീസും ഫൊറന്‍സിക് സംഘവും വനംവകുപ്പും ഞായറാഴ്ച സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. കാട്ടാന ആക്രമണസാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നാണ് പോലീസിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയില്‍നിന്ന് നാല് കിലോമീറ്റര്‍ ഉള്‍വനത്തില്‍ എത്തിയാണ് പോലീസും ഫൊറന്‍സിക് സംഘവും വിശദമായ പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. ഇടുക്കി ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *