ഷെറിനെ പുറത്തിറക്കാനുളള പിണറായി സര്‍ക്കാര്‍ തീരുമാനം വെട്ടി ഗവര്‍ണര്‍; മന്ത്രിസഭ മാത്രം ശുപാര്‍ശ ചെയ്താല്‍ പോര

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉള്‍പ്പെടെ അഞ്ച് തടവ് പുള്ളികളുടെ ശിക്ഷായിളവ് സംബന്ധിച്ച്‌ മന്ത്രിസഭാ ശുപാര്‍ശ തിരിച്ചയച്ച്‌ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

ശിക്ഷായിളവ് നല്‍കുന്നതിന് 12 മാര്‍ഗരേഖയും രാജ്ഭവൻ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സാധാരണ മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുന്നതാണ് പതിവ്. ആ കീഴ്‌വഴക്കം മാറ്റിയാണ് രാജ്ഭവന്റെ ഇടപെടല്‍.

മന്ത്രിസഭാ ശുപാര്‍ശക്കൊപ്പം ശിക്ഷയിളവ് നല്‍കുന്ന പ്രതിയുടെ പേരിലുള്ള കുറ്റം, ശിക്ഷ, ലഭിച്ച പരോളിന്റെ കണക്ക്, ജയിലിലെ പെരുമാറ്റവും തുടങ്ങിയവയും ജയില്‍ ഉപദേശകസമിതിയുടെ റിപ്പോര്‍ട്ടും നല്‍കണം. ശിക്ഷായിളവ് ലഭിക്കുന്ന പ്രതി പുറത്തിറങ്ങിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോര്‍ട്ട്, പ്രതിക്ക് മുന്‍വൈരാഗ്യമുള്ളവര്‍ നാട്ടിലുണ്ടെങ്കില്‍ അവര്‍ക്കുള്ള ഭീഷണിയും റിപ്പോര്‍ട്ടായി നല്‍കണം എന്നാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെറിന് പരോള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നിലവില്‍ തന്നെ ആരോപണമുണ്ട്. കൂടാതെ ജയിലിന് ഉള്ളിലെ പെരുമാറ്റവും മോശമാണ്. സഹതടവുകാരെ മര്‍ദ്ദിച്ച നിരവധി സംഭവമുണ്ടായിട്ടുണ്ട്. ശിക്ഷായിളവിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയും സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിനെതിരെ കേസെടുത്തിരുന്നു.

സ്വധാനത്തിന്റെ രാഷ്ട്രീയ പരിഗണനയുടേയും പേരില്‍ നല്‍കുന്ന ശിക്ഷയിളവുകള്‍ അവസാനിപ്പിക്കാനാണ് രാജ്ഭവന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *