ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്റെ മൊഴി. ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്.
പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്ബതികളുടെ ഇളയമകള്‍ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങള്‍. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തുടക്കം മുതല്‍ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലില്‍ തന്നെയാണ്.