സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടര്‍ന്നേക്കും

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരാൻ സാദ്ധ്യതയേറി. ഫെബ്രുവരി ഒന്നിന് തളിപ്പറമ്ബില്‍ തുടങ്ങുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പാനല്‍ കഴിഞ്ഞദിവസം നടന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തയ്യാറാക്കിയിട്ടുണ്ട്.

2019ല്‍ പി.ജയരാജൻ വടകര പാർലമെൻ്റ് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ എം.വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.

ഇതിനു ശേഷം നടന്ന പഴയങ്ങാടി സമ്മേളനത്തിലും എം. വിജയ രാജൻ തുടർന്നു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജയരാജൻ്റെ നേതൃത്വത്തില്‍ സി.പി.എം മിന്നും വിജയമാണ് നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി നിന്ന് വൻ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഭരണ വിരുദ്ധ തരംഗമാണ് കണ്ണൂരിലും പ്രതിഫലിച്ചത്.

പാർട്ടിക്കുള്ളിലും പുറത്തുമുണ്ടായ പ്രതിസന്ധികളെ ഇലയ്ക്കും മുള്ളിനും കേടു വരാതെ പരിഹരിക്കാൻ ജയരാജൻ്റെ നേതൃ മികവിന് കഴിഞ്ഞുവെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഇന്ത്യയിലെ സി.പി.എമ്മിൻ്റെ ഏറ്റവും ശക്തമായ പാർട്ടി ഘടകമായ കണ്ണൂരില്‍ എതിരാളികളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുമ്ബോള്‍ പ്രതിരോധ വ്യൂഹം ചമച്ചത് എം.വി ജയരാജൻ്റെ മൂർച്ചയേറിയ വാദഗതികളായിരുന്നു.

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം, മനു തോമസിൻ്റെ രാജി , സ്വർണ കടത്ത് ക്വട്ടേഷൻ സംഘങ്ങളായ ആകാശ് തില്ലങ്കേരി – അർജുൻ ആയങ്കി എന്നിവരെ കേന്ദ്രികരിച്ചു ഉയർന്ന വിവാദങ്ങള്‍ എന്നിവയിലോക്കെ വളരെ കൃത്യമായി ഇടപ്പെട്ടു പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുകയാണ് ജയരാജൻ ചെയ്തത്. തളിപ്പറമ്ബ് സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി തുടരുമെങ്കിലും കൊല്ലത്ത് നടക്കാൻ പോകുന്ന സംസ്ഥാന സമ്മേളനത്തില്‍ എം. വി ജയ രാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കൊ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമ്മടം മണ്ഡലത്തില്‍ നിന്നോ മത്സരിക്കാൻ സാധ്യതയേറെയാണ് അങ്ങനെയെങ്കില്‍ നേരത്ത ആക്ടിങ് സെക്രട്ടറിയായ ടി.വി രാജേഷിന് ജില്ലാ സെക്രട്ടറി പദവി ലഭിക്കും.

എന്നാല്‍ താൻ എവിടെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് എം.വി ജയരാജൻ പ്രതികരിച്ചു. പാർട്ടിയെന്തു പറഞ്ഞാലും അനുസരിക്കണമെന്നതാണ് തൻ്റെ കടമ നേരത്തെ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യാൻ പറഞ്ഞു. പിന്നീട് കണ്ണൂരിലേക്ക് വരാൻ പറഞ്ഞു.

മാർക്സിസം ലെനിനിസം ആവേശമായി കൊണ്ടുനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചു ഇതൊന്നും പ്രശ്നമല്ല. പാർട്ടി പറഞ്ഞാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും മാറാൻ പറഞ്ഞാല്‍ മാറുമെന്നും ജയരാജൻ പ്രതികരിച്ചു. അഭിഭാഷകനായ എം.വി ജയരാജൻ്റെ നേതൃത്വത്തിലാണ് കൂത്തുപറമ്ബ് സമരം നടന്നത്. പെരളശേരി മാനവീയത്തില്‍ താമസിക്കുന്ന ജയരാജൻ കൂത്തുപറമ്ബ് നിർമ്മലഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്ബോള്‍ എസ്.എഫ്.ഐ യിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ വരുന്നത്.

പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, രണ്ടു ടേം ധർമ്മടം എം.എല്‍.എ എന്നീ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു. കഴിഞ്ഞ കൊവിഡ് കാലത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നുവെങ്കിലും അത്ഭുതകരമായി പൊതുരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. പുതുമുഖങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ജില്ലാ കമ്മിറ്റിയാണ് എം.വി ജയരാജൻ്റെ നേതൃത്വത്തില്‍ നിലവില്‍ വരികയെന്നാണ് സൂചന.

കണ്ണൂർ ജില്ലയ്ക്ക് ഏറെ ദുഷ്പേരുണ്ടാക്കിയ കൊലപാതക രാഷ്ട്രീയത്തിന് അറുതിയുണ്ടാക്കിയെന്നാണ് എം.വി ജയരാജൻ്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ‘ ഈ കാര്യത്തില്‍ പൊതു സമൂഹത്തിൻ്റെ കൈയ്യടി നേടാൻ സമാധന നയങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിൻ്റെ നിലപാടുകള്‍ക്ക് സാധിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *