നഗരസഭാ കൗണ്‍സിലർമാരുടെ എതിർപ്പിനെത്തുടർന്ന് പ്രതിസന്ധിയിലായ പാലക്കാട് ആർഎസ്‌എസ് ഇടപെടലില്‍ താല്‍ക്കാലിക പ്രശ്‌ന പരിഹാരം.ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവൻ ചുമതലയേറ്റു.
വരണാധികാരി പ്രമീള ദേവിക്ക് മുൻപാകെയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്‌തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്‌ണൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
പ്രശാന്ത് ശിവൻ ചുമതലയേറ്റാല്‍ സ്ഥാനം രാജിവയ്ഡക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് കൗണ്‍സിലർമാർ പറഞ്ഞത്. ഇതിനൊപ്പം നാല് കൗണ്‍സിലർമാരും കൂടി രാവിലെ ചേർന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ചെയർപേഴ്‌സണും വൈസ് ചെയർമാനും ഇവർക്കൊപ്പമായിരുന്നു. ഇതോടെയാണ് ആർഎസ്‌എസ് നേതൃത്വം ഇടപെട്ടത്. തുടർന്ന് ബിജെപിക്കൊപ്പം നില്‍ക്കുമെന്നും രാജിക്കില്ലെന്നും ചെയർപേഴ്‌സണ്‍ പ്രമീള ശശിധരൻ പറഞ്ഞു. തനിക്ക് പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്‌ണദാസും അറിയിച്ചു. പ്രശാന്ത് ശിവൻ ചുമതലയേറ്റ ചടങ്ങില്‍ ഇ.കൃഷ്‌ണദാസും പങ്കെടുത്തു.
ഇതിനിടെ പാർട്ടി നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അച്ചടക്കമുള്ള പ്രവർത്തകർക്ക് അത് നടത്താൻ ഉത്തരവാദിത്വമുണ്ടെന്നും എതിർക്കുന്നവർക്ക് പ്രവർത്തകർ മറുപടി നല്‍കുമെന്നും സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു. പ്രശാന്ത് ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ എന്നാല്‍ എതിർക്കുന്ന കൗണ്‍സിലർമാർ ആരും പങ്കെടുത്തില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റി പകരം മറ്റൊരാളെ പ്രസിഡന്റാക്കി എന്നതാണ് വിമതരുടെ ആക്ഷേപം.പ്രശാന്ത് ശിവനെ തെരഞ്ഞെടുത്ത നടപടിയില്‍ അട്ടിമറി ഉണ്ടെന്നും നേതൃത്വം ഇത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ബിജെപിയില്‍ പക്ഷമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം.