വർഗ്ഗീയ വിഷം ചീറ്റിയ പി.സി.ജോർജിനെതിരെ സർക്കാർ നടപടികള്‍ വൈകുന്നത് ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.
റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് പി.സി ജോർജിന്റെ കാര്യത്തില്‍ ഉണ്ടാകാത്തത്. തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കീടനാശിനി ഉല്പാദിപ്പിച്ചിരുന്ന ബി.ജെ.പിയില്‍ പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഉത്തരേന്ത്യയില്‍ അമിത്ഷാ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇവിടെ എ.വിജയരാഘവൻ തർജമ ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ധാരണയാണുള്ളത്.അതുകൊണ്ടാണ് കേരളത്തില്‍ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ പറഞ്ഞതെന്നും അദേഹം പറഞ്ഞു.
ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്.ഭൂതകാലത്തിലെ എല്ലാകാര്യങ്ങളും വിട്ടൊഴിവാക്കിയാണ് കോണ്‍ഗ്രസില്‍ പ്രവർത്തിക്കാൻ തുടങ്ങിയത്. വിദ്വേഷ രാഷട്രീയത്തിന് ബദലായി രാഹുല്‍ഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കരുത്തുപകരല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.കോണ്‍ഗ്രസിന്റെ കൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തില്‍നിന്ന് കിട്ടിയ പിന്തുണ പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു.
സി.പി.എം പ്രവർത്തകരില്‍നിന്നുപോലും ഇക്കാര്യത്തില്‍ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്.വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാല്‍ സ്വീകരിക്കാൻ കേരളീയ സമൂഹത്തില്‍ ഒരുപാട് ആളുണ്ടാകും എന്നതിന്റെ തെളിവാണിത്.അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നുള്ളതല്ല മുന്നിലുള്ളതെന്നും അതിനെ മുന്നെ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയേയും അണികളെയും സജ്ജരാക്കുകയാണ് മുഖ്യ അജണ്ടയെന്നും സന്ദീപ് വാര്യർ പറഞ്ഞു.