ശമ്ബളം 50,000 രൂപയ്ക്ക് മുകളില്‍ കിട്ടിയിട്ടും പോരാ, ചെക്ക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി, ഒറ്റദിവസം വിജിലന്‍സ് പിടികൂടിയത് ഒന്നരലക്ഷം രൂപ

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ കൈക്കൂലിയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഒന്നരലക്ഷത്തോളം രൂപ.

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ അഞ്ച് ആര്‍ടിഒ ചെക്ക്പോസ്റ്റുകളിലായിരുന്നു ഒരേസമയം വിജിലന്‍സ് നടത്തിയ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ 1,49,490 രൂപ പിടികൂടി. 50,000 രൂപയില്‍ കൂടുതല്‍ ശമ്ബളം വാങ്ങുന്നവരാണ് ചെക്ക് പോസ്റ്റുകളിലെ കൈക്കൂലിയിലൂടെ ലക്ഷങ്ങള്‍ അനധികൃതമായും സമ്ബാദിക്കുന്നത്.

വെള്ളി രാത്രി 11 മുതല്‍ ശനി പുലര്‍ച്ചെ മൂന്നുവരെയായിരുന്നു പരിശോധനയില്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. വാളയാര്‍ ഔട്ട് ചെക്ക്പോസ്റ്റ്- 29,000 രൂപ, ഇന്‍ ചെക്ക്പോസ്റ്റ്-90,650 രൂപ, ഗോപാലപുരം- 15,650 രൂപ, ഗോവിന്ദാപുരം- 10,140 രൂപ, മീനാക്ഷിപുരം- 4,050 രൂപ എന്നിങ്ങനെയാണ് പിടികൂടിയത്. വേഷംമാറിയെത്തിയ ഉദ്യോഗസ്ഥര്‍ ലോറി ജീവനക്കാര്‍ക്കൊപ്പംനിന്ന് ഒരുമണിക്കൂറിലേറെ നിരീക്ഷിച്ചശേഷം ചെക്ക്‌പോസ്റ്റുകളില്‍ കയറുകയായിരുന്നു.

ലോറി ജീവനക്കാരെത്തി രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ക്കൊപ്പം പണം കൈമാറുകയായിരുന്നു. പണം വാങ്ങിയയുടന്‍ വിജിലന്‍സ് പരിശോധന നടത്തി. ഓരോ വാഹനവും 500 മുതല്‍ 2000 രൂപവരെ കൈക്കൂലി നല്‍കുന്നുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്നുള്‍പ്പെടെ അനധികൃത പണപ്പിരിവ് നടത്തിയതായും കണ്ടെത്തി. വാഹനരേഖകളില്‍ ക്രമക്കേടുണ്ടെങ്കിലും ഇല്ലെങ്കിലും പണം കൈമാറുന്നതാണ് രീതി. കൈക്കൂലിപ്പണം പിടികൂടുമ്ബോള്‍ വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഒരു എംവിഐയും മൂന്ന് എഎംവിഐമാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പാലക്കാട് യൂണിറ്റിനൊപ്പം തൃശൂര്‍, എറണാകുളം യൂണിറ്റുകളില്‍നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി എസ് ഷംസുദ്ദീന്‍, സിഐ ടി ഷിജു ഏബ്രഹാം, ഉദ്യോഗസ്ഥരായ അരുണ്‍പ്രസാദ്, വിമല്‍, പി ബാബു ഡേവിസ്, രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 പേര്‍ അഞ്ച് സ്‌ക്വാഡായാണ് പരിശോധന നടത്തിയത്. തുടരന്വേഷണം നടത്തി വിശദറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ്ഗുപ്ത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *