രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ്

കേരളത്തിന്റെ 23-ാം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബീഹാർ ഗവർണറായിരുന്നു ആർലേക്കർ.

ഏകദേശം മൂന്ന് മിനിട്ട് മാത്രം ദൈർഘ്യമുള്ളതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർലേക്കറിനെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സ്‌പീക്കറും ചേർന്നാണ് സ്വീകരിച്ചത്.

1980 മുതല്‍ സജീവ ആർഎസ്‌എസ് – ബിജെപി പ്രവർത്തകനാണ് ആർലേക്കർ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബീഹാർ ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറിനെ കേരളത്തിലേക്ക് നിയോഗിച്ചത്. ആർഎസ്‌എസിലൂടെ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച ആർലേകർ 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ഗോവയില്‍ വനംവകുപ്പ് മന്ത്രിയായും സ്‌പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *