സഹകരണ ബാങ്കുകളിലെ പാര്‍ട്ടി അനുഭാവികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ഗൗരവമായി ആലോചിക്കും; സഹകരണ രംഗത്തിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് വി ഡി സതീശന്‍

ചേവായൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സഹകരണ രംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ 18 മുതല്‍ 20 ബാങ്കുകളാണ് സി.പി.എം. പിടിച്ചെടുത്തത്. കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ കുറിച്ച്‌ സംസാരിക്കവേയാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി ഡി സതീശന്‍ പറഞ്ഞത്

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരുകാലത്തുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് എല്ലാവരും ഒരുമിച്ച്‌ നിന്ന് അതിനെ സംരക്ഷിക്കണം എന്ന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് ഞങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ പോലീസിനെ ഉപയോഗിച്ചും ഗുണ്ടകളെ ഉപയോഗിച്ചും ക്രൂരമായ മര്‍ദ്ദനമഴിച്ചുവിട്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. ഒരുകാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

സഹകരണരംഗത്ത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയും ഞങ്ങള്‍ പിന്‍വലിക്കുന്നു. ഒരുകാര്യത്തിലും ഇനി സര്‍ക്കാരുമായി യോജിച്ച്‌ സഹകരണരംഗത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ ഞങ്ങളുടെ അനുഭാവികളായ ആളുകളുടെ നിക്ഷേപങ്ങള്‍ തുടരണോ എന്നുകൂടി ഗൗരവതരമായി ആലോചിക്കും.

പത്തനംതിട്ടയില്‍ 18 മുതല്‍ 20 ബാങ്കുകളാണ് സി.പി.എം. പിടിച്ചെടുത്തത്. ആ ബാങ്കുകളുടെ സാമ്ബത്തിക സ്ഥിതി പരിശോധിച്ചാലറിയാം വലിയ സാമ്ബത്തിക പ്രയാസങ്ങളിലേക്ക് ആ ബാങ്കുകള്‍ കൂപ്പികുത്തുകയാണ്. സഹകരണജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായില്‍ നിലവിളിക്കുകയും അതേസമയം ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച്‌ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയുമാണ്.

ഞങ്ങളിതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇങ്ങനെ പിടിച്ചെടുക്കുന്ന ബാങ്കുകള്‍ മുന്നോട്ടു പോകണോ, അവിടെ നിക്ഷേപം തുടരണോ എന്ന് ഞങ്ങളുടെ അനുഭാവികള്‍ക്ക് നിര്‍ദേശം കൊടുക്കണോ എന്ന കാര്യം പോലും പാര്‍ട്ടി ഗൗരവമായി ആലോചിക്കും.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോടും സതീശന്‍ പ്രതികരിച്ചു. സി.പി.എം. നേതാക്കള്‍ നിന്ന നില്‍പില്‍ മലക്കം മറിഞ്ഞതായി പറഞ്ഞ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി പിണറായി വിജയനേയും കുറ്റപ്പെടുത്തി..

Leave a Reply

Your email address will not be published. Required fields are marked *