ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ഓടിച്ചിട്ട് കര്‍ഷകര്‍

ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ ഓടിച്ചിട്ട് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹരിയാനയില്‍ ഉയരുന്നത്.

റാതിയ, ഹിസാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.

റാതിയയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി സുനിത ദുഗ്ഗലിനെ കര്‍ഷകര്‍ ഓടിച്ചിട്ട് പിടിക്കുകയും ശംഭു, ഖനൗരി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ സത്യമുണ്ടെന്ന് പറയിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഖനൗരി അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച പഞ്ചാബിലെ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ വിശദ അന്വേഷണം വേണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാതായതോടെയാണ് മുന്‍ എംപി കൂടിയായ ദുഗ്ഗലിനെതിരെ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ദുഗ്ഗലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഓടിച്ചുവിടുകയായിരുന്നു. ലാംബയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ദുഗ്ഗലിനെതിരായ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് പ്രതിപക്ഷ പാര്ട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദുഗ്ഗലിന് മാപ്പും പറയേണ്ടി വന്നിരുന്നു.
ദുഗ്ഗലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *