ബാബുരാജ് കെ
പി വി അൻവർ ഒരു പഠിച്ച രാഷ്ട്രീയക്കാരനാണെന്നു ഒരു കാലത്തും തോന്നിയിട്ടില്ല. രാഷ്ട്രീയക്കാരന് അവശ്യം വേണ്ട ഗുണങ്ങൾ പലതും അദ്ദേഹത്തിൽ കാണുന്നുമില്ല. താൻപ്രമാണിത്തം, അഹന്ത , ധാർഷ്ട്യം തുടങ്ങിയ സ്വഭാവ വിശേഷങ്ങൾ മൂർദ്ധന്യത്തിലുള്ള ആളായേ അൻവർ തോന്നിപ്പിച്ചിട്ടുള്ളൂ. പച്ചക്കു പറഞ്ഞാൽ ഒരുതരം മാടമ്പി സ്വഭാവം. തനിക്ക് അപ്രിയമായ എല്ലാത്തിനെയും തകർത്തു കളയുമെന്ന മനോഭാവം. കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ അതെല്ലാം കണ്ടതും കേട്ടതുമാണ്.. പക – അത് വീട്ടാനുള്ളതാണ് എന്ന അൻവറിന്റെ ആപ്തവാക്യം അടക്കം.
ഇതെല്ലാം ഉണ്ടായിട്ടും അൻവറിനെ രണ്ടു തവണ നിലമ്പൂരിലെ വോട്ടർമാർ ജയിപ്പിച്ചു നിയമസഭയിലേക്ക് അയച്ചെങ്കിൽ അതിനു പിന്നിൽ ഇതിനെയെല്ലാം മറികടക്കുന്ന ചില സ്വഭാവ ഗുണങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം. ഒരുപക്ഷെ ആളുകളെ സഹായിക്കാനുള്ള മനഃസ്ഥിതിയാകാം അത് . വീണു കിടക്കുന്നവനെ പിടിച്ചെഴുന്നേൽപിക്കാനുള്ള സന്മനസ്സാകാം. സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിൽ അവരോട് ചേർന്നു നിൽക്കാനുള്ള മനോഭാവമാകാം.
ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണ ഏതാനും ദിവസം മുൻപ് വരെ അൻവറിനുണ്ടായിരുന്നു. ഇന്നിപ്പോൾ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ ശത്രുവും പ്രതിയോഗിയുമെല്ലാം പി വി അൻവറാണ് . അൻവറിനെതിരെ രംഗത്തിറങ്ങുക എന്നു ഗോവിന്ദൻ മാഷ് ഡൽഹിയിലിരുന്നു ആഹ്വാനം ചെയ്തതിൽ നിന്ന് തന്നെ അത് വ്യക്തമാണല്ലോ. സാധാരണ ഗതിയിൽ സിപിഎം സെക്രട്ടറിമാർ അണികളെ ആഹ്വാനം ചെയ്യുക വർഗീയതക്കെതിരെ അണിനിരക്കുക ,അഴിമതിക്കെതിരെ അണിനിരക്കുക എന്നൊക്കെയാണ്. പാർട്ടിയിൽ പ്രാഥമിക അംഗം പോലും അല്ലാത്ത ഒരാൾക്കെതിരെ തെരുവിലിറങ്ങാൻ പാർട്ടി സെക്രട്ടറി ആഹ്വാനം ചെയ്യേണ്ടതുണ്ടോ ? അത്ര മാത്രം ആശങ്കപ്പെടേണ്ടതുണ്ടോ സിപിഎം അൻവറിന്റെ പേരിൽ എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഗോവിന്ദൻ മാഷുടെ ആഹ്വാനം കേട്ട മാത്രയിൽ റോഡിലിറങ്ങി അൻവറിനെതിരെ കൊലവിളി നടത്തുകയാണ് പാർട്ടി പ്രവർത്തകർ ചെയ്തത്. കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യത്തോടെ ടി പി ചന്ദ്രശേഖരൻ വധത്തിനു ശേഷവും പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
നിലമ്പൂരിൽ മത്സരിക്കാൻ തുടങ്ങിയതിനു എത്രയോ മുൻപേ സിപിഎമ്മിന് അൻവർ പ്രിയപ്പെട്ടവനായിരുന്നു. കോൺഗ്രസ് പിളർത്തി കെ കരുണാകരൻ ഡി ഐ സി രൂപീകരിച്ചപ്പോൾ കൂടെപ്പോയ അൻവർ പിന്നീട് ഇടതുപക്ഷ കൂടാരത്തിൽ എത്തിച്ചേർന്നത് യാദൃശ്ചികമായിട്ടൊന്നുമല്ല. 2011 ൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി അൻവറിനെ മത്സരിപ്പിച്ചത് സിപിഎമ്മാണ്. ഇടതു സ്ഥാനാർഥിയായ സിപിഐക്കാരന് വോട്ടു ചെയ്യാതെ സിപിഎമ്മുകാർ ഒന്നടങ്കം അന്ന് അൻവറിനാണു വോട്ടു കുത്തിയത്. രാഷ്ട്രീയമായ കൊടുംചതിയായിരുന്നു അത്. . അന്ന് യു ഡി എഫ് സ്ഥാനാർഥി ലീഗിലെ പി കെ ബഷീറിന് കിട്ടിയത് 59698 വോട്ടുകളാണ്. 51 .29 ശതമാനം വോട്ട്. രണ്ടാമതെത്തിയത് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ. 47452 വോട്ട്. 41 .47 ശതമാനം. ഇടതുമുന്നണി സ്ഥാനാർഥി സിപി ഐയിലെ അഷ്റഫ് കാളിയത്തിനു കിട്ടിയതോ 2700 വോട്ട്. 2 .36 ശതമാനം.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിച്ചു . വയനാട് പാർലമെൻറ് മണ്ഡലത്തിൽ സിറ്റിംഗ് എം പി എം ഐ ഷാനവാസിന്റെ നില അന്ന് പരുങ്ങലിൽ ആയിരുന്നു. ഇടതു മുന്നണി സ്ഥാനാർഥിയായി സിപിഐ യിലെ സത്യൻ മൊകേരിയാണ് മത്സരിച്ചത്. പി വി അൻവർ അന്ന് സ്വതന്ത്രനായി മത്സരിച്ചതു കൊണ്ടു മാത്രമാണ് പതിനായിരത്തിൽ പരം വോട്ടുകൾക്ക് ഷാനവാസ് ജയിച്ചത്. തൊട്ടു മുൻപത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസ് ജയിച്ചതാകട്ടെ, ലക്ഷത്തിൽ പരം വോട്ടുകൾക്കും. അൻവറിനു അന്ന് 37123 വോട്ടുകൾ കിട്ടി. സിപിഎം വോട്ടുകൾ അൻവറിനു പോയി എന്നു സിപിഐക്ക് ഒരിക്കൽ കൂടി ബോധ്യപ്പെട്ടു.
1987 മുതൽ ആറു തവണ ആര്യാടൻ മുഹമ്മദ് ജയിച്ച നിലമ്പൂർ മണ്ഡലം പിടിച്ചെടുക്കാനാണ് 2016 ൽ ഇടതു സ്വതന്ത്രനായി അൻവറിനെ സിപിഎം ഇറക്കിയത്. ആര്യാടന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11000 ൽപരം വോട്ടുകൾക്ക് അൻവർ പരാജയപ്പെടുത്തി . 2021 ൽ വീണ്ടും അൻവറിനെ തന്നെ സിപിഎം കളത്തിലിറക്കി. വി വി പ്രകാശ് ആയിരുന്നു യു ഡി എഫ് സ്ഥാനാർഥി. ഭൂരിപക്ഷം 2700 ലേക്ക് ഇടിഞ്ഞെങ്കിലും അൻവർ വിജയിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകാൻ അൻവർ ആഗ്രഹിച്ചെങ്കിലും നറുക്ക് വീണത് മറ്റൊരു ഇടതു സ്വതന്ത്രൻ വി അബ്ദുറഹ്മാനാണ് . പാർട്ടിയിൽ അംഗമല്ലെങ്കിലും സിപിഎമ്മിൽ ശക്തികേന്ദ്രമായി അൻവർ മാറി. പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാർ അൻവറിനെ വിശ്വസിച്ചു. മലപ്പുറത്തെ പാർട്ടി നേതാക്കളിൽ ഇത് അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും അവർ അതിനോട് പൊരുത്തപ്പെട്ടു. അൻവർ പുറത്തു പോയപ്പോൾ അവരിൽ ചിലർ ആശ്വാസ നെടുവീർപ്പ് ഇടുന്നുണ്ട്.
സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കാനോ അതു കൊണ്ടു നടക്കാനോ ഉള്ള പ്രാഗൽഭ്യമൊന്നും അൻവറിനു ഉണ്ടെന്നു കരുതുക വയ്യ. ഇപ്പോൾ അൻവറിനെ കേൾക്കാൻ വരുന്ന ജനക്കൂട്ടം മുഴുവൻ അയാളുടെ അനുയായികളല്ല .അതിൽ ഇടതുപക്ഷ അനുഭാവികളും മറ്റു പാർട്ടിക്കാരും ഉണ്ട്.. സോഷ്യൽ മീഡിയയിൽ അൻവറിനു വലിയൊരു ആരാധക വൃന്ദമുണ്ട്. അവർ അൻവറിനു അനുകൂലമായി കമന്റുകൾ ഇപ്പോഴും ഇടുന്നുണ്ട്. പിണറായി വിജയനെതിരെ അൻവർ പറയുന്നത് കേൾക്കാൻ അവരൊക്കെ ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം . കാരണം അവരുടെ മനസ്സുകളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളാണ് അൻവർ വിളിച്ചു പറയുന്നത്. അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് അൻവർ ചോദിക്കുന്നത്.
എം വി രാഘവനെ പോലെയും കെ ആർ ഗൗരിയമ്മയെ പോലെയുമുള്ള എണ്ണം പറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിച്ചു പുറത്തു പോയിട്ടും ഒരു പരിക്കുമേൽക്കാതെ നിലകൊണ്ട പാർട്ടിയാണ് സിപിഎം. യുഡിഎഫ് പാളയത്തിൽ അഭയം ലഭിച്ചതു കൊണ്ടാണ് അവർക്കു പിടിച്ചു നിൽക്കാനും മന്ത്രിമാരാകാനും കഴിഞ്ഞത്. അവരുടെ ജീവിതകാലത്തു തന്നെ അവർ കെട്ടിയുയർത്തിയ പാർട്ടികൾ ശോഷിച്ചു. അന്നത്തെ സാഹചര്യവും ഇന്നത്തേതും തമ്മിൽ വലിയ അന്തരമുണ്ട്. ഇ എം എസിനെ പോലൊരാൾ അന്ന് പാർട്ടിക്കു പ്രതിരോധമായി മഹാമേരുവായി ഉണ്ടായിരുന്നു. ജനങ്ങൾക്ക് വിശ്വാസമുള്ള ഇ എം എസിനെ പോലൊരു നേതാവ് ഇന്ന് സിപിഎമ്മിലില്ല. അന്നത്തെ നേതാക്കൾ ഒട്ടും കളങ്കിതരായിരുന്നില്ല. അവർ പാർട്ടിയെ ഹൃദയത്തിൽ കൊണ്ടു നടന്നവരായിരുന്നു. അവരുടെ കരങ്ങളിൽ കറ പുരളാതിരുന്നതു കൊണ്ട് അവർക്കു ആരെയും ഭയപ്പെടേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല.
രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ യു ഡി എഫിലേക്കു പോകുകയല്ലാതെ അൻവറിനു മുന്നിൽ മറ്റു മാർഗങ്ങളില്ല . യു ഡി എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസിനെയും ലീഗിനെയും ഏറ്റവും കൂടുതൽ വെറുപ്പിച്ച ആളാണ് അൻവർ. യാതൊരു തെളിവുമില്ലാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിച്ച ആളാണ് . ജപ്പാനിൽ മഴ പെയ്യുന്നത് പശ്ചിമഘട്ടത്തിലെ കാർമേഘങ്ങൾ അവിടേക്കു പോകുന്നതു കൊണ്ടാണെന്നു തട്ടിവിട്ടതു പോലെയാണ് അൻവറിന്റെ പല കാര്യങ്ങളും. ഫോൺ ചോർത്തൽ കേസിൽ അൻവർ പ്രതിയായതു സ്വയം വരുത്തിവെച്ച വിനയാണ് . പിണറായി സർക്കാരിൽ നിന്നുള്ള കടന്നാക്രമണങ്ങൾ തടയാൻ അൻവറിനു രാഷ്ട്രീയ പിൻബലം ആവശ്യമാണ്. അതിനാൽ കോൺഗ്രസുകാരനായി വീണ്ടും അൻവറിനെ കണ്ടാൽ അത്ഭുതപ്പെടേണ്ട. രാഷ്ട്രീയത്തിൽ മറവി വളരെ എളുപ്പം ആണല്ലോ.