ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അര്‍ജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കല്‍ ഗ്രാമം

മണ്ണിനടിയില്‍ നിന്ന് 71 ദിവസത്തിനു ശേഷം പിറന്നമണ്ണിലേക്ക് എത്തിയ അർജുനെ ഒടുവില്‍ അഗ്നി ഏറ്റെടുത്തു.

ഒരു നൊമ്ബരമായി, ജ്വലിക്കുന്ന ഓർമയായി അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും.

കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് ഒരുക്കിയ ചിതയിലാണ് അർജുൻ നിത്യനിദ്രയിലേക്ക് മടങ്ങിയത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷം രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

അർജുന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച്‌ വിലാപയാത്ര ഒമ്ബതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീട്ടിലെത്തിയത്.

ഇതാദ്യമായാണ് ഇത്രവലിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാനാവാതെ കണ്ണാടിക്കല്‍ ഗ്രാമം വീർപ്പുമുട്ടിയത്. അർജുനുമായി നേരിട്ടു ബന്ധമില്ലാത്തവരും ഇതുവരെ കണ്ടിട്ടില്ലാത്തവരും അടക്കം ആയിരങ്ങള്‍. അർജുന്‍റെ കുടുംബത്തിന്‍റെ വേദന നെഞ്ചേറ്റിയവർ…രണ്ടുമാസമായി കരഞ്ഞുകരഞ്ഞു മരവിച്ച അർജുന്‍റെ പ്രിയ കുടുംബത്തിനു പിന്തുണയേകാൻ ജാതി, മത, രാഷ്‌ട്രീയഭേദമെന്യേയാണ് ആയിരങ്ങള്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

അത്രമാത്രം വൈകാരികതയോടെ, നിറകണ്ണുകളോടെയാണ് ജനം അർജുനെ കാത്തിരുന്നത്. കണ്ണാടിക്കല്‍ ഗ്രാമത്തിലെത്തിയപ്പോള്‍ സുഹൃത്തുക്കളുടെ അന്ത്യാഭിവാദ്യം. ഇല്ലാ… ഇല്ലാ… മരിക്കുന്നില്ല… എന്ന മുദ്രാവാക്യം വിളികളുയർന്നതിനു പിന്നാലെ പലരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പൊന്നോമന മകന്‍റെ ഓർമ്മയ്ക്കായി ലോറിയില്‍ സൂക്ഷിച്ച കളിപ്പാട്ടം സഹിതം കുട്ടൻ എന്ന അർജുന്‍റെ ചേതനയറ്റ ശരീരം രാവിലെ ഒൻപതോടെ മൂരാടിക്കുഴിയില്‍ വീട്ടിലെത്തിച്ചപ്പോള്‍, ജൂലൈ 16ന് ഷിരൂരിലുണ്ടായതിനേക്കാള്‍ വലിയ കണ്ണീർമഴയാണ് പെയ്തിറങ്ങിയത്. പല സ്ഥലങ്ങളിലും അർജുന് അന്ത്യാഭിവാദ്യം അർപ്പിച്ചു ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചു.

ഇന്നു പുലർച്ചെ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരില്‍ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൂളാടിക്കുന്നില്‍നിന്നു അനേകം വാഹനങ്ങളുടെ അകന്പടിയോടെ വിലാപയാത്രയായിട്ടാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയത്. എട്ടരയോടെ ആംബുലൻസ് കണ്ണാടിക്കലില്‍ എത്തിയെങ്കിലും അതിസാവധാനമാണ് മുന്നോട്ടു നീങ്ങാൻ കഴിഞ്ഞത്. അത്രയ്ക്ക് ജനനിബിഡമായിരുന്നു വീടും പരിസരവും.

കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ്, ലോറി ഉടമ മനാഫ്, മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

മന്ത്രി എ.കെ. ശശീന്ദ്രൻ, കോഴിക്കോട് എംപി എം.കെ. രാഘവൻ, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രൻ, ടി. സിദീഖ്, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍, ജില്ലാ കളക്ടർ സ്നേഹില്‍കുമാർ സിംഗ്, വിവിധ രാഷ്‌ട്രീയപാർട്ടി നേതാക്കള്‍, മതമേലധ്യക്ഷൻമാർ അടക്കം സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ടവർ അർജുനു അന്തിമോപചാരമർപ്പിക്കാൻ വീട്ടില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *