മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു കലക്ടര്‍.
പുലർച്ചെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറില്‍ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തില്‍ 50 മത്സ്യത്തൊഴിലാളികളോടോപ്പം ഏകദേശം 12 നോട്ടിക്കല്‍ മൈലോളം ഉള്‍ക്കടല്‍ വരെ പോയി കലക്ടറും സംഘവും. അഞ്ചു മണിക്കൂറോളം തൊഴിലാളികളോടൊപ്പം കലക്ടർ വള്ളത്തില്‍ ചെലവഴിച്ചു.
വള്ളത്തില്‍ കയറി കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന ആഗ്രഹം കലക്ടർ പ്രകടിപ്പിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും സമ്മതം മൂളുകയായിരുന്നു. അഴീക്കോട് അഴിമുഖത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനന്‍, ദാസന്‍ എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. അവര്‍ക്കൊപ്പം വലവലിക്കുകയും ചെയ്തു.
നാലോണ നാളിലെ പുലികളിയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ തല ചിത്രരചനാ മത്സരവും നടന്നു. തൃശൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു മത്സരമൊരുക്കിയത്. സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഉത്രാടപുലിവര നടത്തിയത്.
ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള പൂക്കളും ഇലകളും ഉപയോഗിച്ച് പുലിമുഖം വരച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുലിക്കളി സംഘാടക സമിതി പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. എല്‍പി, യുപി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി ഡിഗ്രി വിഭാഗങ്ങള്‍ക്കായിരുന്നു മത്സരം. പുലിച്ചമയ പ്രദര്‍ശന ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച സമ്മാനങ്ങള്‍ നല്‍കും.