അദാനിക്കെതിരായ അന്വേഷണം; 310 മില്യണ്‍ ഡോളര്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ഹിൻഡൻബര്‍ഗ്

ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യണ്‍ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ്.

അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്. 2021ലാണ് ഇത്തരത്തില്‍ പണം മരവിപ്പിച്ചതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്യുന്നു.

സ്വിസ് മീഡിയ ഔട്ട്ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് വിശദീകരിക്കുന്നു. ഫെഡറല്‍ ക്രിമിനല്‍ കോർട്ടിന്റെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളില്‍ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരില്‍ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹിൻഡൻബർഗ് വിശദീകരിച്ചിട്ടുണ്ട്.

അദാനിയുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് ആദ്യം ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പരിശോധന നടക്കുന്നതെന്ന് യു.എസ് ഷോർട്ട് സെല്ലർ വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് റിസർച് നടത്തിയ വെളിപ്പെടുത്തിയിരുന്നു. നേരത്തേ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്ബനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്ബനികളില്‍ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച്‌ സെബി മുഴുസമയ അംഗമാകുന്നത്. 2022ല്‍ അധ്യക്ഷയുമായി. ബുച്ച്‌ സെബിയില്‍ ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ മുമ്ബ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങള്‍ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു

കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനി കമ്ബനികളുടെ ഓഹരി വില കൂപ്പുകുത്തലിന് ഇത് കാരണമായിരുന്നു. അദാനി കമ്ബനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്ബനികള്‍ സ്ഥാപിച്ച്‌ സ്വന്തം കമ്ബനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്‍കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.

അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടി രൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വിപണിയില്‍ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്ബ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബെർഗിന്റെ രീതി.

Leave a Reply

Your email address will not be published. Required fields are marked *