സംവിധായകൻ രഞ്ജിത്തിനെതിരെ നിലപാടിലുറച്ച് നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത് നിരവധി പേരുണ്ട്.
ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെയന്നും ശ്രീലേഖ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒടുവില്‍ രഞ്ജിത്ത് കുറ്റം സമ്മതിച്ചുവെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
‘നിരവധി പേർക്ക് ലെെംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്ക്കും. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. ഞാനായിട്ട് പരാതി നല്‍കില്ല. കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കും. നിയമ സഹായം നല്കാൻ ഏറെപ്പേർ ഇന്നലെ സമീപിച്ചിരുന്നു’, ശ്രീലേഖ പറഞ്ഞു.
2009ല്‍ ‘പാലേരിമാണിക്യം’ സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തില്‍ നിന്ന് നേരിട്ട ദുരനുഭവം സി പി എം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ‘അകലെയിലെ’ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.
സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളില്‍ തൊട്ടു. മുടിയില്‍ തലോടി കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോള്‍ ഇറങ്ങിയോടി. ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടല്‍ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവില്‍ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേക്കും വന്നില്ല. അതിക്രമം നേരിട്ടവർ കുറ്രവാളികളുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ പറഞ്ഞു.