വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വാടക ഇനത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 6000രൂപ വരെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും വാടക ഇനത്തില്‍ പ്രതിമാസം 6000/ രൂപ ലഭിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ല.
മുഴുവനായി സ്പോണ്‍സര്‍ഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും പ്രതിമാസ വാടക ലഭിക്കില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്കുന്ന കേസുകളില്‍ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.