കവറില്‍ അവകാശപ്പെടുന്ന അളവ് ബിസ്കറ്റില്‍ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നല്കി ഉപഭോക്തൃ തർക്ക പരിഹാര കോടതി.
തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്ബനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നല്കാൻ നിർദ്ദേശം നല്‍കിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റില്‍ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.
ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം നല്‍കണം. കേസിനും മറ്റ് ചെലവുകള്‍ക്കുമായി 10000 രൂപയും നല്‍കണമെന്ന് കോടതി വിശദമാക്കിയത്. തൃശൂർ വരക്കര സ്വദേശിയായ ജോർജ്ജ് തട്ടില്‍ എന്നയാളുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ ആദ്യ വാരത്തിലാണ് പരാതിക്കാരൻ ബേക്കറിയില്‍ നിന്ന് ബിസ്കറ്റ് വാങ്ങിയത്. നാല്പത് രൂപ വില നല്കി രണ്ട് ബിസ്കറ്റ് പാക്കറ്റാണ് പരാതിക്കാരൻ വാങ്ങിയത്. 300 ഗ്രാം ബിസ്കറ്റ് എന്ന് വ്യക്തമാക്കിയ കവർ തൂക്കി നോക്കിയപ്പോള്‍ 50 ഗ്രാമിന്റെ കുറവ് കണ്ടതിനേ തുടർന്നാണ് ജോർജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉപഭോക്താവ് പരാതിപ്പെട്ട സമയത്ത് കമ്ബനിയുടെ ഭാഗത്ത് നിന്നുള്ള സർവ്വീസില്‍ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളില്‍ പാക്കറ്റുകളില്‍ അവകാശപ്പെടുന്ന അളവ് ഉല്‍പ്പന്നം ഉണ്ടെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന് ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.