ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിന് ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപി എംപി വരുണ്‍ ഗാന്ധി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന.
2019ല്‍ പിലിഭിത്ത് മണ്ഡലത്തില്‍ നിന്ന് വിജയിച്ച വരുണ്‍ ഗാന്ധി മൂന്നാം തവണയും സീറ്റ് ഉറപ്പിച്ചിരുന്നു.
വരുണ്‍ ഗാന്ധിയുടെയോ അമ്മ മനേകാ ഗാന്ധിയുടെയോ പേര് ആദ്യ രണ്ട് സ്ഥാനാര്‍ത്ഥി പട്ടികകളിലും ഇടംനേടിയിരുന്നില്ല. ഇതോടെയാണ് ഇരുവരെയും പാര്‍ട്ടി ഇക്കുറി പരിഗണിക്കുന്നില്ലെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്. നിലവില്‍ രണ്ട് പേരും എംപിമാരാണ്. വരുണ്‍ ഗാന്ധിക്ക് ടിക്കറ്റ് നല്‍കുന്നതിനെ സംസ്ഥാനതല ബിജെപി നേതാക്കളെല്ലാം കോര്‍ കമ്മിറ്റി യോഗത്തില്‍ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് വേണ്ടിവന്നാല്‍ പിലിഭിത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കങ്ങള്‍ വരുണ്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബിജെപി ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തില്‍ വരുണ്‍ ഗാന്ധിയെ പിലിഭിത്തില്‍ നിന്ന് പാര്‍ട്ടി മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒഴിഞ്ഞുമാറി. വരുണ്‍ ഗാന്ധിക്ക് ടിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.