രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്തുവരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈവിട്ട കളി നടത്തുന്നതായി റിപ്പോര്‍ട്ട്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതിന് പിന്നാലെയാണ് അഭിഭാഷക സംഘടനയെ ഉപയോഗിച്ച് രാഷ്ട്രപതിയിലൂടെ കോടതി വിധി തടയാന്‍ നീക്കം നടത്തുന്നത്.
ബോണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ ജൂണ്‍ അവസാനം വരെ സമയം വേണമെന്ന് എസ്ബിഐ അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പായി വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായിരുന്നു നീക്കം. എന്നാല്‍, കോടതി ഇതിന് തടയിട്ടതോടെ മണിക്കൂറുകള്‍ക്കകം എസ്ബിഐ ഇലക്ടറര്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. എസ്ബിഐ നല്കിയ വിവരങ്ങള്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്ബ് തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിന് തടയിടാനാണ് രാഷ്ട്രപതിയിലൂടെ ശ്രമം ആരംഭിച്ചത്.
ഇലക്ടറല്‍ ബോണ്ട് സ്കീം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ആദിഷ് സി അഗര്‍വാല പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് കത്തെഴുതി.
ഭരണഘടനാ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മഹത്വവും പാര്‍ലമെന്റില്‍ ഒത്തുകൂടിയ ജനപ്രതിനിധികളുടെ കൂട്ടായ വിവേകവും തകര്‍ക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നതുമായ വിധികള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയെ അനുവദിക്കരുതെന്ന് കത്തില്‍ പറയുന്നു.
ഇലക്ടറല്‍ ബോണ്ടുകളുടെ അജ്ഞാത സ്വഭാവം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം സംരക്ഷിച്ചിരിക്കുന്ന വിവരാവകാശത്തെ ലംഘിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഇലക്ടറല്‍ ബോണ്ട് സ്കീം, ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചെങ്കിലും, സംഭാവനകള്‍ നല്കുമ്ബോള് നിയമപരവും സാധുതയുള്ളതുമാണെന്ന് അഗര്‍വാല വാദിക്കുന്നു.
കോര്‍പ്പറേറ്റ് സംഭാവനകള്‍ വഴി വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ബിജെപിക്കാണ് ലഭിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് പേരു വെളിപ്പെടുത്താതെ പണം നല്കി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടാക്കുന്നു എന്നതാണ് ഇലക്ടറര്‍ ബോണ്ടുകളുടെ ന്യൂനത.