1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ‘ഹൈറിച്ച്’ കമ്ബനി ഉടമകളായ ദമ്ബതികളെ പിടിക്കാൻ വലവിരിച്ച് ഇഡി.
വൻ തട്ടിപ്പ് നടത്തിയ ഇവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാർക്കറ്റിങ് കമ്ബനിയുടെ എംഡി കെഡി പ്രതാപൻ, സിഇഒ കാട്ടൂക്കാരൻ ശ്രീന എന്നിവർ കഴിഞ്ഞ ദിവസം ഇഡി റെയിഡിനെത്തുന്നതിന് രക്ഷപെടുകയായിരുന്നു. ദമ്ബതികളായ ഇരുവരുടെയും വീട്ടില്‍ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപാണ് ജീപ്പില്‍ ഡ്രൈവർക്കൊപ്പം രക്ഷപ്പെട്ടത്.
പ്രതികളെ പിടികൂടാൻ സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം തേടി ഇഡി കത്തുനല്‍കിയിട്ടുണ്ട്. ഹൈറിച്ച് കമ്ബനി ഉടമകളായ ദമ്ബതികള്‍ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊലീസിന്റെ റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പിമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ ഇഡി റെയ്ഡിന് എത്തുന്നത്. റെയിഡിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ഇവർ ഇഡി സംഘം എത്തും മുമ്ബ് ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ ജീപ്പില്‍ രക്ഷപ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചിന്റേതെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍ നിന്ന് ഹൈറിച്ച് പണം തട്ടി. ഓണ്‍ലൈന്‍ വ്യാപാരമെന്ന പേരില്‍ മണിചെയിന്‍ നടത്തി നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്ബന്‍ നികുതിവെട്ടിപ്പ് നടത്തിയത്.