ഗവേഷണത്തിനും സർവേകള്‍ക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപില്‍ എത്തുന്നത്.
അതേസമയം, കപ്പല്‍ മാലദ്വീപ് കടലില്‍ ഒരു ഗവേഷണവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍, കപ്പലിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്ത്യയും മാലദ്വീപും തമ്മില്‍ അടുത്തകാലത്ത് ഉടലെടുത്ത നയതന്ത്ര സംഘർഷങ്ങള്‍ക്കിടയിലാണ് ചൈനീസ് കപ്പലിന് അനുമതി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ മാറ്റത്തിനായി കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ അനുവദിക്കണമെന്ന് ചൈനീസ് സർക്കാർ നയതന്ത്ര അഭ്യർഥന നടത്തിയതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് കപ്പല്‍ മാലദ്വീപില്‍ എത്തുമെന്നാണ് സൂചന. അതേസമയം, ഇത്തരം കപ്പലുകള്‍ കടലിലെ ചാരപ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്