മണിപ്പൂരില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കമാൻഡോ കൊല്ലപ്പെട്ടു. കുക്കികളും പൊലീസും തമ്മില്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
തെൻഗനൗപാല്‍ ജില്ലയില്‍ അതിര്‍ത്തി നഗരമായ മൊറേയിലാണ് സംഘര്‍ഷമുണ്ടായത്.
ബോംബെറിഞ്ഞതിന് ശേഷം കുക്കികള്‍ മൊറേയ് എസ്.ബി.ഐക്ക് സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു. സൊമോര്‍ജിത് എന്ന കമാൻഡോയാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇരുവിഭാഗവും തമ്മിലുള്ള വെടിവെപ്പ് ഒരു മണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. മൊറേയില്‍ പൊലീസുകാരന്റെ മരണത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. മൊറേയ് നഗരം സ്ഥിതി ചെയ്യുന്ന തെൻഗനൗപാല്‍ ജില്ലയില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സമ്ബൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസേവനങ്ങള്‍ക്കൊഴികെ മറ്റൊന്നിനും കര്‍ഫ്യുകാലത്ത് പ്രവര്‍ത്തിക്കാൻ അനുമതിയില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എസ്.ഡി.പി.ഒ സി.എച്ച് ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പ് കോൻസായി, ഹെമോക്കോലാല് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.