സിഎംആര്‍എല്‍ മാസപ്പടി ; പിണറായി വിജയനെതിരെ നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്താല്‍ വൻ പ്രതിഷേധമുയര്‍ത്താൻ സിപിഎം

സിഎംആർഎല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ഇഡി ശുപാർശയില്‍ സംസ്ഥാന സർക്കാർ കേസ് എടുത്താല്‍ വൻ പ്രതിഷേധമുയർത്താൻ സിപിഎം.കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആക്ഷേപം ശക്തമായി ഉയർത്തും.കേന്ദ്ര സർക്കാരിന് വേണ്ടി കേരളത്തില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ദേശീയ തലത്തിലും പ്രചാരണമാക്കാനാണ് തീരുമാനം.


പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തില്‍ സംസ്ഥാന സർക്കാർ അറ്റോണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഇഡിയുടെ ശുപാർശയില്‍ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങള്‍ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍‌ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേല്‍ക്കൈ കിട്ടുന്ന സാഹചര്യം മുന്നില്‍ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ഇഡി കണ്ടെത്തല്‍ പ്രകാരം ഉടൻ കേസെടുത്താല്‍ ബിജെപി യുഡിഎഫ് ഡീല്‍ ആരോപണം സിപിഎം കടുപ്പിക്കും. കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കും വരെ കാത്തിരുന്നാല്‍ ഇതുവരെ എതിർത്ത പിണറായിക്ക് സംരക്ഷണം നല്‍കിയെന്ന ആക്ഷേപം കേള്‍ക്കും. അതുകൊണ്ട് നിയമോപദേശം തേടി, രാഷ്ട്രീയ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *