കാൻസർ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്; യുണിപോർട്ടൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 -കാരിയുടെ ശ്വാസകോശ അർബുദം നീക്കം ചെയ്തു.

സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമ്മാർ.

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ യുണിപോർട്ടൽ റോബോട്ട് അസിസ്റ്റഡ് തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയ (യൂണിപോർട്ടൽ ആർ.എ.ടി.എസ്) കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. ശ്വാസകോശ അർബുദം ബാധിച്ച 60-കാരിയായ കോഴിക്കോട് സ്വദേശിനിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്.

തീവ്രമായ ശ്വാസതടസ്സവും ചുമ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗി ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ശ്വാസകോശത്തിൽ സങ്കീർണ്ണമായ അർബുദ വളർച്ച കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ചികിത്സാരീതിയായ തുറന്ന ശസ്ത്രക്രിയ രോഗിയുടെ ശാരീരികാവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന ഘട്ടത്തിലാണ് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായം വിദഗ്ദ്ധ മെഡിക്കൽ സംഘം അവലംബിച്ചത്. നെഞ്ചിൽ നാല് സെന്റിമീറ്റർ മാത്രം വലിപ്പമുള്ള ഒറ്റ ദ്വാരത്തിലൂടെ നൂതന റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് ശ്വാസകോശത്തിലെ അർബുദ ബാധിച്ച ഭാഗം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അർബുദ ചികിത്സാരംഗത്ത് പുതിയ നാഴികക്കല്ലായ ഈ നേട്ടം ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി, പൾമണോളജി വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് രോഗിക്ക് ആശ്വാസമേകിത്.

പരമ്പരാഗത ശസ്ത്രക്രിയകളുടെ ഭാഗമായി അനുഭവപ്പെടുന്ന കഠിനവേദനയും ശാരീരിക ആഘാതവും പൂർണ്ണമായി ഒഴിവാക്കി രോഗികൾക്ക് ശസ്ത്രക്രിയാനന്തര പരിചരണവും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ ഈ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി.പി പറഞ്ഞു.

സംസ്ഥാനത്തെ അർബുദ ചികിത്സാരംഗത്ത് പുതിയൊരു അധ്യായത്തിനാണ് ഈ നേട്ടത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ വി ഗംഗാധരൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും കേവലം ഒരു ശസ്ത്രക്രിയ എന്നതിലുപരി ജീവൻ രക്ഷാചികിത്സകളിൽ സാങ്കേതികവിദ്യ എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

ആരോഗ്യരംഗത്തെ മുന്നേറ്റങ്ങൾക്കൊപ്പം സാധാരണക്കാർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ആസ്റ്റർ മിംസ് മാനേജ്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ 25 വർഷമായി നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് ലഭിച്ച ജനപിന്തുണയാണ് കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രചോദനമായതെന്നും അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ദ്ധരുടെ പരിചരണവും പ്രയോജനപ്പെടുത്തി ഏതൊരു സങ്കീർണ്ണ രോഗാവസ്ഥയിലും രോഗിയുടെ സുരക്ഷിതമായ അതിജീവനം ഉറപ്പാക്കാൻ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സലിം വി.പി, ഡോ. മീര ഭട്ട് വി.ഡി, ഡോ. അതുൽ ആസാദ്, അനസ്തെറ്റിസ്റ്റ് ഡോ. പ്രീത, റോബോട്ടിക് ടെക്നീഷ്യൻ രാഹുൽ, അനസ്‌തേഷ്യ ടെക്നീഷ്യൻ ദൃശ്യ, മറ്റ് നഴ്സിംഗ് സ്റ്റാഫുമാരായ ബിബിൻ, അർച്ചന, നിരഞ്ജൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *