ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ വ്യക്തമാക്കി. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുല്‍ ഗാന്ധിയെ കേസ് എടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വലിയ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘപരിവാർ നടപ്പാക്കിയത് ആധുനിക രൂപത്തിലുള്ള അയിത്തമാണ്.
സമത്വത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം, പട്ടികജാതി/പട്ടികവർഗ പീഡനനിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത് സംഘ്പരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിയമസംവിധാനങ്ങളെ ആയുധമാക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല.
രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമൊപ്പം കേരള ജനതയും ഉറച്ചുനില്‍ക്കും. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
