മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി.
സതീശൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചെന്നൈയില്‍ നടന്ന യോഗത്തിലാണ് കേരളം പുതിയ നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നല്‍കാമെന്നും സതീശൻ പറഞ്ഞു. പുതിയ ഡാമില്‍നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നല്‍കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലപാടിലാണ് നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. യോഗത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ടിന് പകരം പുതിയ ഡാം നിർമിക്കുന്നതിലൂടെ തമിഴ്നാടിന്റെ ജലാവകാശം സംരക്ഷിക്കുന്നതിനൊപ്പം കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേരളം വ്യക്തമാക്കി.
