പൊതുമാപ്പ് വഴി ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; വനംവകുപ്പിന് അപേക്ഷ നല്‍കി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നിർണായക നീക്കവുമായി നടൻ മോഹൻലാല്‍. തന്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീർത്ത 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ താരം അപേക്ഷ നല്‍കി.

ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഈ നീക്കം.

ഇതു സംബന്ധിച്ച്‌ മലയാറ്റൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക്കിന് മോഹൻലാല്‍ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർനടപടികള്‍ക്കായി ഈ അപേക്ഷ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പ്രാഥമിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.

മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വെക്കാൻ വനംവകുപ്പ് നല്‍കിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൃത്യമായ നിയമനടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്റെ അന്തിമ തീരുമാനത്തിന് ശേഷം ആനക്കൊമ്പുകള്‍ വനംവകുപ്പ് ഏറ്റെടുക്കുന്ന തീയതി പ്രഖ്യാപിക്കും. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *