അമേരിക്കൻ-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികള്‍ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകള്‍ നടക്കുക. ജൂലൈ നാലിന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്കൊടുവില്‍ ജൂലൈ ഒൻപതിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് ഭൗതികശരീരം അടക്കം ചെയ്യുക. ഈ വർഷം ഫെബ്രുവരി 28-നായിരുന്നു വ്യോമാക്രമണത്തില്‍ ഖമനയി കൊല്ലപ്പെട്ടത്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാത്തിലുടനീളം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ വിലാപയാത്ര സംഘടിപ്പിക്കാനും പുതിയ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായി ഇറാൻ നടത്തുന്ന സമാധാന ചർച്ചകള്‍ അന്തിമ ധാരണയിലേക്ക് നീങ്ങുന്നുവെന്ന അന്താരാഷ്ട്ര റിപ്പോർട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മാർച്ചില്‍ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഖമനയി കൊല്ലപ്പെട്ട് 106 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവരുന്നത്. സംസ്കാര ചടങ്ങുകള്‍ക്കിടയിലേക്ക് ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വീണ്ടും വ്യോമാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന കടുത്ത സുരക്ഷാ വിലയിരുത്തലുകളെ തുടർന്നാണ് ഖബറടക്കം ഇത്രയും നാള്‍ വൈകിക്കാൻ കാരണം. ഖമനയിയുടെ അന്ത്യകർമ്മങ്ങളില്‍ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഇറാൻ സൈന്യത്തിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.
