കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരന് മുന്‍പ് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വൈറലാകുന്നു.
എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ 2021-ല്‍ മുരളീധരന് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറയുകയുണ്ടായി.
അന്ന് പ്രസംഗിച്ച അതേ വ്യക്തിയാണ് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി. ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്.
ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.
നിപ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നതിനാല്‍ പേ വാര്‍ഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരോട് മുഴുവന്‍ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
