സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചകളുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നെന്നും ഇത് അണികളോടുള്ള വഞ്ചനയാണെന്നും കണ്ണൂരിലെ സിപിഐഎം വിമതന്‍ ടി.കെ.
ഗോവിന്ദന്‍. താഴെത്തട്ടിലെ ഒരു നിര്‍ദ്ദേശവും ഉള്‍ക്കൊള്ളാതെ വെറും പ്രഹസനമായിരുന്നു പാര്‍ട്ടിയുടെ അവലോകനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരിലെ മുന്‍ സി.പി.ഐ.എം നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ ആരോപണം. താഴെത്തട്ടിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തിയതെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം ടി.കെ. ഗോവിന്ദന്‍ പൂര്‍ണ്ണമായി തള്ളി. സാങ്കേതികമായി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എന്നിരുന്നാലും യഥാര്‍ത്ഥത്തില്‍ ജില്ലയിലെ ഒരു ഘടകവും ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല.
തോല്‍വിയുടെ ഭാരം താഴേത്തട്ടിലേക്ക് കൈമാറാതെ, വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പയ്യന്നൂരില്‍ പ്രസ്തുത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിട്ടും നേതൃത്വം അത് കേട്ടില്ല. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കടുത്ത വിയോജിപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടിപ്പോള്‍ തെറ്റ് പറ്റിയത് ജില്ലാ കമ്മിറ്റിക്കാണെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് ഗോവിന്ദന്‍ ചോദിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഒരു വാക്ക് പോലും മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ ചോദിച്ചു. ഇത്തരം നിലപാടുകള്‍ ഉള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ എങ്ങനെ പാര്‍ട്ടിയെ വിശ്വസിക്കും? അയ്യപ്പ സംഗമ പരിപാടിയിലേക്ക് യോഗി ആദിത്യനാഥിനോട് സന്ദേശം ആവശ്യപ്പെട്ടത് ആരാണ്? ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ടി.കെ. ഗോവിന്ദന്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളാണ്. അതിന്റെ ഉത്തരവാദിത്തം സാധാരണ സഖാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പാര്‍ട്ടിക്ക് വോട്ട് ചെയ്തത് വിശ്വാസ്യതയുള്ള സ്വന്തം അണികളാണ്. കെ.കെ. രാഗേഷ് പറഞ്ഞതുപോലെ പള്ളിയില്‍ നിന്ന് പറഞ്ഞിട്ടല്ല ആളുകള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
