അട്ടപ്പാടി മധു വധക്കേസില്‍ വിചാരണവേളയില്‍ കണ്ട ദൃക്സാക്ഷി മൊഴികളുടെ പൂർണ്ണമായ തകർച്ച അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള ഹൈക്കോടതി.
വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്സാക്ഷികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുമാറിയതും സംഭവം അറിയില്ലെന്ന് പറഞ്ഞതുമാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും കച്ചവടക്കാരും പ്രദേശവാസികളുമടക്കം 75-ഓളം പേർ മുക്കാലി ജംങ്ഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പ്രദർശിപ്പിച്ചപ്പോള്‍ പോലും, സ്ക്രീനില്‍ തങ്ങളെത്തന്നെ കണ്ടിട്ടും പ്രതികളെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് ഇവർ അവകാശപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ കടുത്ത രീതിയില്‍ സ്വാധീനിച്ചെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഭൂരിഭാഗം പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയതിന് ശേഷമാണ് ഒരു ഫോറസ്റ്റ് വാച്ചർ പോലും കോടതിക്ക് മുന്നില്‍ മൊഴി നല്കാൻ ധൈര്യം കാണിച്ചത്. ഒരു കടുത്ത കുറ്റകൃത്യം നടന്നിട്ടും സ്വന്തം നാട്ടുകാരെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജവാസനയാണ് ഇവിടെ കണ്ടത്. സാക്ഷി സംരക്ഷണ പദ്ധതി രാജ്യത്ത് നിലവിലുണ്ടെങ്കിലും പ്രദേശവാസികളുടെ സമ്മർദ്ദം, സാമ്പത്തിക ആശ്രയത്വം, സാമൂഹിക ഭീഷണി എന്നിവ മൂലം അത് പലപ്പോഴും ഫലപ്രദമാകുന്നില്ല. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും യഥാർത്ഥ ജീവിതത്തിലെ യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അകലമാണ് മധുവിന്റെ വേദനാജനകമായ മരണം ഓർമ്മിപ്പിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
മധുവിനെ വേട്ടയാടി ആള്‍ക്കൂട്ടപ്പകയുടെ ട്രോഫിയായി പ്രദർശിപ്പിക്കുകയായിരുന്നു പ്രതികള്‍ ചെയ്തതെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ കടുത്ത ഭാഷയില്‍ കുറിച്ചു. തങ്ങള്‍ ചെയ്യുന്നത് വലിയൊരു കുറ്റകൃത്യമാണെന്ന് വിശ്വസിക്കാൻ പോലും അവർ തയ്യാറായില്ല, മറിച്ച് തങ്ങള്‍ നിയമം കൈയ്യിലെടുത്ത് നീതി നടപ്പാക്കുകയാണെന്ന വിചാരമായിരുന്നു അവർക്ക്. നിരാലംബനായ ഒരു മനുഷ്യന് മേല്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ സംഘടിത ശക്തിയുടെ നഗ്നമായ പ്രദർശനമായിരുന്നു അത്. വിശപ്പ് സഹിക്കാനാകാതെയാണ് മധു ഭക്ഷണം എടുത്തത്. രോഗവും പട്ടിണിയും സമൂഹത്തിന്റെ അകറ്റിനിർത്തലും മധുവിനെ മാനസികമായി തളർത്തിയിരുന്നു. എന്നാല്‍ മധുവിന് ചുറ്റും കൂടിയവർക്ക് വാഹനങ്ങളും മൊബൈല്‍ ഫോണുകളും കടകളും സാമൂഹിക അധീശത്വത്തിന്റെ അഹങ്കാരവുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം കേസുകളില്‍ എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമം കർശനമായി ബാധകമാക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഒന്നാം പ്രതി ഹുസൈനെതിരെ പ്രൊസിക്യൂഷൻ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മുക്കാലി ജംങ്ഷനില്‍ ഇരുത്തിയിരുന്ന മധുവിന്റെ നെഞ്ചില്‍ ഹുസൈൻ ആഞ്ഞുചവിട്ടിയെന്നും ഇതിന്റെ ആഘാതത്തില്‍ ഭണ്ഡാരപ്പെട്ടിയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തലയിടിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേവലം മൂന്ന് സെക്കൻഡിനുള്ളിലാണ് ഇത് നടന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ ചവിട്ടുന്നത് സംബന്ധിച്ച സാക്ഷിമൊഴികള്‍ സി.സി.ടി.വി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു.
