നടന്‍ ടിനി ടോമിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി അന്‍സിബ ഹസന്‍. സ്വന്തം അഭിപ്രായം പറഞ്ഞതിനാലാകാം താന്‍ വേട്ടയാടപ്പെടുന്നതെന്നും എഎംഎംഎയില്‍ നിരവധി പരാതികള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.
ടിനി ടോം പറഞ്ഞതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ എഎംഎംഎ അംഗത്വം റദ്ദാക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. എഎംഎംഎയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. താന്‍ തിരികെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കില്ലെന്നും അംഗമായി തുടരുമെന്നും അന്‍സിബ വ്യക്തമാക്കി.
‘അമ്മയില്‍ നിരവധി പരാതികള്‍ മുന്‍പ് നല്‍കിയിട്ടുണ്ട്. ഒന്നിനും പരിഹാരമുണ്ടായിട്ടില്ല. അവിടെ പരാതികള്‍ പരിഗണിക്കുന്നത് വ്യക്തികളെ നോക്കിയാണ്. ടിനി ടോം പറഞ്ഞതിന് തെളിവുണ്ട്. ഒരു എക്സിക്യൂട്ടീവ് അംഗം നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളും പറയുന്നുണ്ട്. മതപരമായി എന്നെക്കുറിച്ച് പറഞ്ഞത് അറിഞ്ഞപ്പോള്‍ അറപ്പ് തോന്നി. ഇത്തരക്കാര്‍ക്ക് ഒപ്പമാണ് ഇരുന്നത് എന്ന് ആലോചിച്ച് അറപ്പ് തോന്നി. നേരിട്ട അനുഭവം അമ്മയില്‍ പറഞ്ഞു. ഒരു നടപടിയും സ്വീകരിച്ചില്ല. എനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്. എന്നെ വേട്ടയാടി. എന്തിനാണ് ഇതെന്ന് പോലും എനിക്കറിയില്ല’; അന്‍സിബ പറഞ്ഞു. എഎംഎംഎ പ്രസിഡന്റ് ശ്വേതാ മേനോനെതിരെയും അന്‍സിബ പ്രതികരിച്ചു. നേരിട്ട് പറഞ്ഞിട്ട് ഒന്നും നടന്നില്ല, പിന്നെ എങ്ങനെയാണ് അവിടെ പരാതി നല്‍കുക എന്നാണ് അന്‍സിബ ചോദിച്ചത്. രാജി കാര്യം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയിച്ചിരുന്നെന്നും അന്‍സിബ അറിയിച്ചു.
‘അമ്മയിലെ ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ എനിക്കെതിരെ ഒരു വ്യാജ പരാതി കൊടുത്തു. അന്ന് ഞാന്‍ മാക്സിമം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഗ്രൂപ്പില്‍ പറഞ്ഞതാണ്, പരാതി അയച്ചതാണ് ഇത് നിങ്ങള്‍ അന്വേഷിക്കണം എന്ന്. അപ്പോള്‍ രണ്ട് ഭാരവാഹികള്‍ തമ്മില്‍ പ്രശ്നമുണ്ടെങ്കില്‍ ദിസ് ഹാസ് നത്തിംഗ് റ്റു ഡു വിത്ത് അമ്മ എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ടിനി ടോം ചേട്ടന്‍ ഗ്രൂപ്പില്‍ മെസേജിട്ടത് ഇങ്ങനെയുളള ഊള കേസൊന്നും ഇവിടെ എടുക്കാന്‍ പറ്റില്ല എന്നാണ്. എനിക്ക് അവിടെ നീതി കിട്ടിയിട്ടില്ല. മൂന്ന് മണിക്കൂറാണ് പൊലീസ് സ്റ്റേഷനില്‍ ഹറാസ് ചെയ്യപ്പെട്ടത്. എനിക്കതിന്റെ ട്രോമ മാറിയിട്ടില്ല. ഗൂഢാലോചന നടന്നത് എനിക്കെതിരെയാണ്. കമ്മിറ്റിയില്‍ എനിക്ക് ശരിയല്ലെന്ന് തോന്നുന്നതില്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ടിനി ടോം പല അംഗങ്ങളോടും പറഞ്ഞതാണ് ഞാന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന്. അത് നീനാ കുറുപ്പ് ചേച്ചി കണ്ടതാണ്. അങ്ങനൊക്കെ പറഞ്ഞ ഒരാളോട് ഫോണ്‍ വിളിച്ച് ചോദിക്കാനൊക്കെ തോന്നുമോ? രാജിക്കത്തില്‍ വ്യക്തിപരമായ കാര്യങ്ങളും തിരക്കും കാരണമാണ് രാജിയെന്നാണ് പറഞ്ഞത്. മടുത്തിട്ടാണ്. എനിക്കെത്ര ജോലിയുണ്ടെന്ന് നിങ്ങള്‍ക്കും അറിയാലോ’ അന്‍സിബ ഹസന്‍ പറഞ്ഞു.
