ആലപ്പുഴയില്‍ മോഷണപരാതിയുമായി സ്റ്റേഷനിലെത്തിയയാള്‍ തന്നെ പ്രതി; പോലീസ് നായ പൊളിച്ച കള്ളക്കളി

ബന്ധുവീട്ടില്‍നിന്ന്‌ ആറുപവൻ മോഷണംപോയ കേസില്‍ പരാതിനല്‍കാൻ പോലീസ് സ്റ്റേഷനിലെത്തിയയാള്‍ അറസ്റ്റിലായി.

മോഷണം നടന്ന വീട്ടില്‍നിന്നു മണംപിടിച്ച പോലീസ് നായ ഇയാളുടെ വീടിനു മുൻപിലെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിയാങ്കര കാട്ടുവടക്കതില്‍ അഷറഫ് (45) ആണ് അറസ്റ്റിലായത്. അഷറഫിന്റെ ബന്ധുവായ കൊച്ചുതറയില്‍ സദഖിന്റെ വീട്ടില്‍നിന്നു മാല, വള, മോതിരം എന്നിവയുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം പോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

പഴയ വീട്ടില്‍നിന്നു സാധനങ്ങള്‍ മാറ്റിയിരുന്നില്ല. ഈ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അവിടെനിന്നാണ് ആഭരണം നഷ്ടപ്പെട്ടത്. സദഖും അഷറഫും ബന്ധുക്കളും ചേർന്നാണ് ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടർന്നാണ്, പോലീസ് നായയെ സംഭവസ്ഥലത്തെത്തിച്ചത്. അഷറഫിന്റെ വീടിനു സമീപത്താണ് മോഷണം നടന്ന വീട്.

പോലീസ് നായ ഇയാളുടെ വീടിനു മുന്നിലെത്തി നിന്നു. പോലീസ് ഉദ്യോഗസ്ഥർ അഷറഫിനെ ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെടുത്തു. എസ്.എച്ച്‌.ഒ. ലാല്‍ സി. ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മാരായ രഞ്ജിത്ത്, സോമരാജൻ, എ.എസ്.ഐ. പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സി.പി.ഒ. ജി. അനില്‍ കുമാർ, അനീഷ് കുമാർ, സാജിദ്, അനില്‍, അനന്ത പദ്മനാഭൻ, അനീസ്, മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *