ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ ഉണ്ടാകില്ല.
മെയ് 1 മുതല്‍ എൻ.എച്ച് 48-ല്‍ (NH 48) സൂറത്ത്-ബറൂച്ച് സെക്ഷനിലെ ചോർയാസി ടോള്‍ പ്ലാസയില്‍ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് പോലും കൃത്യമായി ടോള്‍ ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും.
ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോള്‍ പ്ലാസകളില്‍ വൈകാതെ തന്നെ ഈ പുതിയ സംവിധാനം ഏർപ്പെടുത്തും. ഫാസ്റ്റാഗില്‍ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകള്‍ വഴി തിരിച്ചറിഞ്ഞ് അവർക്ക് ഇ-നോട്ടീസ് അയക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിർത്തേണ്ടതില്ലാത്തതിനാല്‍ യാത്രാ സമയം ഗണ്യമായി കുറയും. വാഹനങ്ങള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാകുന്നതോടെ കാർബണ്‍ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
