വിജയ് മന്ത്രിസഭയില്‍ എത്ര കോണ്‍ഗ്രസ് മന്ത്രിമാര്‍? രാഹുല്‍ ഗാന്ധിയുടെ പദ്ധതികള്‍ പുറത്ത്

തമിഴ്നാട്ടില്‍ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാര്‍ അധികാരമേറ്റതോടെ, നീണ്ട 55 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, വിജയ്‌യുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ വിജയ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ തമിഴ്നാടിന്റെ 13-ാമത് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആര്‍.എന്‍. രവി വിജയ്ക്കും മറ്റ് ഒമ്പത് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട വിജയ്‌യുടെ ടിവികെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണ തേടുകയായിരുന്നു.

ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ് 5 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. എങ്കിലും തമിഴ്നാട്ടില്‍ ഭരണത്തിന്റെ ഭാഗമാകാനുള്ള അവസരം ഉപയോഗപ്പെടുത്താന്‍ എഐസിസി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ടിവികെ സര്‍ക്കാരിന് സിപിഐ, സിപിഎം, ഐയുഎംഎല്‍, വിസികെ തുടങ്ങിയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ദശാബ്ദങ്ങളായി ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 2006-ല്‍ 34 സീറ്റുകള്‍ നേടിയിട്ടും കോണ്‍ഗ്രസ് പുറത്തുനിന്നാണ് ഡിഎംകെയെ പിന്തുണച്ചിരുന്നത്. എന്നാല്‍ ഇത്തവണ ചിത്രം മാറുകയാണ്.


കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍ പി. വിശ്വനാഥന്‍ (മേലൂര്‍ എംഎല്‍എ), എസ്. രാജേഷ് കുമാര്‍ (കിള്ളിയൂര്‍ എംഎല്‍എ) എന്നിവരാണ്.

കോണ്‍ഗ്രസ് പ്രതിനിധികളുടെ കാര്യത്തില്‍ ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകന്‍ ഗിരീഷ് ചോദങ്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *