തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ഭരണനയം വ്യക്തമാക്കി സി. ജോസഫ് വിജയ്. മതനിരപേക്ഷതയ്ക്കും സാമൂഹിക നീതിക്കും മുൻഗണന നല്കുന്ന സർക്കാരായിരിക്കും ടിവികെയുടേതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഭരണമേറ്റെടുത്ത ഉടൻ തന്നെ ഗാർഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുള്ള ചരിത്രപരമായ ഉത്തരവില്‍ വിജയ് ഒപ്പിട്ടു.
നിങ്ങള്‍ എന്നെ വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എനിക്ക് കുറച്ച് സമയം നല്‍കണം. കാര്യങ്ങള്‍ സുതാര്യമായിരിക്കും, ഒന്നും ഒളിച്ചുവെക്കില്ല. സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, തമിഴ്നാട്ടിലെ എട്ടു കോടി ജനങ്ങളും എന്റേതാണ്, വിജയ് വൈകാരികമായി പറഞ്ഞു. കർഷകർ, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് വിജയ് നടത്തിയത്. സംസ്ഥാനത്തിന് പത്ത് ലക്ഷം കോടി രൂപയിലധികം കടം വരുത്തിവെച്ചാണ് കഴിഞ്ഞ സർക്കാർ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാടിന്റെ നിലവിലെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാൻ ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. “ഞാൻ തെറ്റ് ചെയ്യില്ല, തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയുമില്ല. ഞാൻ നിങ്ങളെപ്പോലെ ഒരു സാധാരണക്കാരനാണ്,” എന്ന് വ്യക്തമാക്കിയ വിജയ്, ഭരണപരമായ തീരുമാനങ്ങളില്‍ അന്തിമ അധികാരം തനിക്കായിരിക്കുമെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ രംഗത്തെത്തി. ‘തമിഴ് തായ് വാഴ്ത്തിനെ’ അവഹേളിച്ചുവെന്ന ആരോപണമാണ് ഡിഎംകെ പ്രധാനമായും ഉയർത്തുന്നത്. ചടങ്ങില്‍ മൂന്നാമതായാണ് ഗാനം ആലപിച്ചതെന്നും ഇതാണോ വിജയ് വാഗ്ദാനം ചെയ്ത മാറ്റമെന്നും ഡിഎംകെ എംപി പി. വില്‍സണ്‍ ചോദിച്ചു.
അതേസമയം, ഖജനാവ് കാലിയാണെന്ന വിജയ്യുടെ വിമർശനത്തിന് നേരിട്ട് മറുപടിയുമായി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ആദ്യമായാണ് വിജയ്യുടെ പേരെടുത്ത് പറഞ്ഞ് സ്റ്റാലിൻ പ്രതികരിക്കുന്നത്. കോവിഡും പ്രളയവും കേന്ദ്രത്തിന്റെ അവഗണനയും അതിജീവിച്ചാണ് അഞ്ച് വർഷം ഭരിച്ചത്. എന്നിട്ടും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കി. കടമെടുത്തത് നിയമപരമായ പരിധിക്കുള്ളില്‍ നിന്നാണ്. ഫെബ്രുവരിയിലെ ബജറ്റില്‍ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതാണ്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് താങ്കള്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. വോട്ട് ചെയ്തവരെ വഞ്ചിക്കരുത്.
വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് എത്രത്തോളം വെല്ലുവിളിയാണെന്ന് വരും ദിവസങ്ങളില്‍ താങ്കള്‍ക്ക് ബോധ്യപ്പെടും, അതിനായി കാത്തിരിക്കുന്നുവെന്നും സ്റ്റാലിൻ കുറിപ്പില്‍ വ്യക്തമാക്കി. ജനങ്ങളുടെ പണം തൊടില്ലെന്നും മുൻ സർക്കാർ ഖജനാവ് കാലിയാക്കിയെന്നുമുള്ള വിജയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിന്റെ ഈ മുനവെച്ച മറുപടി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഭരണത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ തമിഴ്നാട്ടില്‍ ഭരണ-പ്രതിപക്ഷ പോര് മുറുകുകയാണ്.
