വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി.
വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എല്‍പിജി ആവശ്യത്തിന്റെ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണ്. എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നതിനാലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഇതുവരെ കേന്ദ്രം പിടിച്ചുനിര്‍ത്തിയെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു.
ഇന്നലെയാണ് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയത്. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയിലേറെയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ വിഭവങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കാന്‍ പോവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വിലവര്‍ധനവ് ഒരാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാനൊരുങ്ങുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നാല് രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 40-50 രൂപ വരെയും വര്‍ധിച്ചേക്കും. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് അസംസ്കൃത എണ്ണവിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. അതേസമയം, നയാര ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ വില ഉയര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പറഞ്ഞത്. ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് വ്യാപക അഭ്യൂഹമുണ്ട്.
