പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ ന്യായീകരണവുമായി മുൻ ഡിജിപിആർ ശ്രീലേഖ.
പൊലീസ് സേനയില്‍ ഉള്ളപ്പോഴും, തെറ്റുകള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുമ്പും വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിള മോർച്ച നടത്തിയ മാർച്ചിനിടെയാണ് പ്രവർത്തകരുടെ മുദ്രാവാദ്യം ശ്രീലേഖ ഏറ്റുവിളിച്ചത്. ‘പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ’ എന്നായിരുന്നു മുദ്രാവാക്യം. നെട്ടയത്ത് നടന്ന സംഘർഷത്തില്‍ അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകർക്ക് മർദനമേറ്റതില്‍ പ്രതിഷേധിച്ചാണ് മഹിള മോർച്ച മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. 33 വർഷം പ്രവർത്തിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർത്ത് നാണം തോന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലേഖയ്ക്കെതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നത്.
ശ്രീലേഖയുടെ പോസ്റ്റിന്റെ പൂർണരൂപം
“ഞാൻ പൊലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്. പലർക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.
എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്? എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ, നല്ല കാര്യം. ഡിജിപിക്കും കമ്മിഷണർക്കും നന്ദി”- എന്നാണ് ശ്രീലേഖ കുറിച്ചത്.
