ഇത് രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധം! തമിഴ്‌നാടിനോടുള്ള സ്നേഹം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

മിഴ്‌നാടും താനുമായുള്ള ബന്ധം കേവലം രാഷ്ട്രീയമല്ലെന്നും അത് വൈകാരികമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നല്‍കിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചരിത്രം, ഭാഷ, സംസ്‌കാരം എന്നിവയെ താൻ എന്നും ചേർത്തുപിടിക്കുന്നു. വെറുപ്പിനെ രാജ്യം പ്രോത്സാഹിപ്പിക്കില്ലെന്നും സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയതലത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ഭാഷ, ഒരു ചരിത്രം, ഒരു സംസ്കാരം എന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന്റെ വൈവിധ്യത്തിന് എതിരാണ്. ഡല്‍ഹിയില്‍ ഇരുന്ന് തമിഴ്നാട് ഭരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ തമിഴ്നാട് ഭരിക്കേണ്ടത് തമിഴർ തന്നെയാകണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. വനിതാ ബില്ലിന്റെ മറവില്‍ മണ്ഡല പുനർനിർണ്ണയം നടത്തി തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ ‘രാജ്യവിരുദ്ധ പ്രവർത്തനം’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ എഐഎഡിഎംകെയെ ബിജെപി കയ്യിലൊതുക്കിയെന്ന് രാഹുല്‍ ആരോപിച്ചു. ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയതുപോലെ, മോദി എടപ്പാടി പളനിസ്വാമിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ ആർഎസ്‌എസ് വെറുക്കുന്നു. വീര തമിഴർ ആർഎസ്‌എസിന് മുന്നില്‍ കീഴടങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് നേതാക്കളെ ഭയപ്പെടുത്തി പാർട്ടിയെ പിടിച്ചെടുക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മണിപ്പൂരിനെ ബിജെപി നശിപ്പിച്ചതുപോലെ തമിഴ്‌നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ തമിഴ് രാഷ്ട്രീയത്തെ ഡിഎംകെയും സ്റ്റാലിനും ചേർന്ന് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *