മുകേഷ് അംബാനിയെ മറികടന്നു; ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നൻ. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഈ നേട്ടം കൈവരിച്ചത്.

അദാനി ഗ്രൂപ്പ് കമ്ബനികളുടെ ഓഹരി മൂല്യത്തിലുണ്ടായ വൻ വർധനവാണ് ഈ സ്ഥാനമാറ്റത്തിന് പിന്നിലെ പ്രധാന ഘടകം.

ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം ഗൗതം അദാനിയുടെ നിലവിലെ ആസ്തി 92.6 ബില്യണ്‍ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 90.8 ബില്യണ്‍ ഡോളറാണ്. ദീർഘകാലമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നൻ എന്ന പദവി അംബാനിക്ക് സ്വന്തമായിരുന്നുവെങ്കിലും വിപണിയിലെ പുതിയ ചലനങ്ങള്‍ അദാനിക്ക് അനുകൂലമാവുകയായിരുന്നു. ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇരുവരും ഇടംപിടിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്ബനികളുടെ ഓഹരികള്‍ ഇന്ന് വലിയ നേട്ടമുണ്ടാക്കി. അദാനി പവർ ഓഹരി വില ഒരു ശതമാനത്തോളം വർധിച്ചപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസ് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. അദാനി ഗ്രീൻ എനർജി (0.44 ശതമാനം), അദാനി പോർട്സ് (1.6 ശതമാനം) എന്നിവയും മികച്ച മുന്നേറ്റം നടത്തി. അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്ബനികളും വിപണിയില്‍ ലാഭത്തിലാണ് വ്യാപാരം തുടരുന്നത്.

അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഊർജ്ജം, ടെലികോം, റീട്ടെയില്‍ മേഖലകളില്‍ കരുത്ത് തെളിയിച്ചിട്ടുള്ളവരാണ്. വിപണിയിലെ ഓഹരി വിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ സമ്ബന്ന പട്ടികയിലെ റാങ്കിംഗില്‍ മാറ്റങ്ങള്‍ വരാൻ സാധ്യതയുണ്ട്.

ആഗോള സമ്ബന്നരുടെ പട്ടികയില്‍ ടെസ്ല മേധാവി ഇലോണ്‍ മസ്കാണ് ഒന്നാം സ്ഥാനത്ത്. 656 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ലാറി പേജ്, ജെഫ് ബെസോസ്, സെർജി ബ്രിൻ എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യയില്‍ നിന്നുള്ള മറ്റ് പ്രമുഖരായ ലക്ഷ്മി മിത്തല്‍ (62-ാം സ്ഥാനം), ശിവ് നാടാർ (70-ാം സ്ഥാനം), ഷാപൂർ മിസ്‌ത്രി (71-ാം സ്ഥാനം), സാവിത്രി ജിൻഡാല്‍ (73-ാം സ്ഥാനം) എന്നിവരും ബ്ലൂംബെർഗ് ഇൻഡക്സില്‍ ഇടംപിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *