വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.
വിവിധ സ്രോതസ്സുകളില്‍ നിന്നായി സമാഹരിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമായും മൂന്ന് സ്രോതസ്സുകളില്‍ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. ഹൈക്കോടതി അനുമതി നല്കിയ 120 കോടി രൂപയില്‍ 102.59 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിധിയിലുണ്ടായിരുന്ന 773 കോടി രൂപയില്‍ 167.12 കോടി രൂപ പുനരധിവാസത്തിനായി നീക്കിവെച്ചു. 50 വര്‍ഷത്തെ കാലാവധിയില്‍ തിരിച്ചടയ്ക്കേണ്ട വായ്പയായി കേന്ദ്രം നല്കിയ 529.50 കോടി രൂപയും ഈ പദ്ധതിക്കായി ഉപയോഗിക്കുന്നു.
പുതിയ ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് 43.56 കോടി രൂപ ചെലവഴിച്ചു. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി ആകെ കണക്കാക്കിയ 299 കോടിയില്‍ 80 കോടി രൂപ നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കൈമാറി. ദുരന്തബാധിതര്‍ ക്കുള്ള വാടക, ദിനബത്ത തുടങ്ങിയവയ്ക്കും തുക വിനിയോഗിച്ചിട്ടുണ്ട്.
അതേസമയം പുനരധിവാസത്തിന്റെ മറവില്‍ സര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ ടൗണ്‍ഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ പേരില്‍ പണം പിരിച്ചതില്‍ അന്വേഷണം വേണം. അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ച പണത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.
